‘ജവാൻ’ വീരമൃത്യു വരിച്ചെന്ന് പ്രേക്ഷകർ; ഷാരൂഖ്-ആറ്റ്ലീ ചിത്രം തിയറ്ററിൽ ഏറ്റില്ലെങ്കിലും ബോക്സ് ഓഫീസ് തൂഫാനാക്കി

ഇന്ത്യൻ സിനിമയുടെ കിങ് ഖാനെ നായകനാക്കി തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കിയ ‘ജവാൻ’ റിലീസ് ചെയ്ത് ആദ്യ ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ വൻ കുതിപ്പ്. ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു പുറത്തു വന്നിരുന്നതെങ്കിലും ബോക്സ് ഓഫീസ് കളക്ഷനിൽ ഷാരൂഖിന്റെ തന്നെ ‘പഠാനെ’ മറികടന്നു എന്നാണ് റിപ്പോർട്ടുകൾ. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്.

72.46 കോടിയാണ് ജവാൻ ആദ്യദിനം നേടിയിരിക്കുന്നത്. ഹിന്ദിയിൽ 16,157 ഷോകൾ ആണ് ആദ്യ ദിനം നടന്നത്. ഇവിടെ നിന്നുമാത്രം 60.76 കോടി ഷാരൂഖ് ചിത്രം നേടി. തമിഴിൽ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോൾ 810 ഷോകളിലായി തെലുങ്കിൽ നിന്നും 5.29 കോടിയും ജവാൻ നേടി. അങ്ങനെ ആകെ മൊത്തം 72 കോടി എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ മാത്രമാണിത്.

ഈ ഒരു നിലയിലാണ് ഷോകൾ മുന്നോട്ട് പോകുന്നതെങ്കിൽ വരുംദിനങ്ങളിൽ തന്നെ ജവാൻ 100 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുമെന്നാണ് വിലയിരുത്തൽ.