
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് നഗരത്തിന്റെ ഏകദേശം മൂന്നിരട്ടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല, A23a, മൂന്ന് പതിറ്റാണ്ടിനിപ്പുറം ആദ്യമായി നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്.
ഏകദേശം 4,000 ചതുരശ്ര കിലോമീറ്റര്‍ (1,500 ചതുരശ്ര മൈല്‍) വിസ്തൃതിയുള്ള ഭീമാകാരമായ മഞ്ഞുമല അന്റാര്‍ട്ടിക് സമുദ്രത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1986-ല്‍ പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ ഫില്‍ഷ്‌നര്‍-റോണ്‍ ഐസ് ഷെല്‍ഫില്‍ നിന്ന് വേര്‍പിരിഞ്ഞതിനുശേഷം, മുമ്പ് സോവിയറ്റ് ഗവേഷണ കേന്ദ്രം സ്ഥാപിച്ചിരുന്ന മഞ്ഞുമല, പ്രധാനമായും ചലനരഹിതമായി തുടര്‍ന്നിരുന്നു.
ഏതാണ്ട് ഒരു ട്രില്യണ്‍ മെട്രിക് ടണ്‍ ഭാരമുള്ള മഞ്ഞുമല നിലവില്‍ ശക്തമായ കാറ്റും പ്രവാഹങ്ങളും കൊണ്ട് അന്റാര്‍ട്ടിക്ക പെനിന്‍സുലയുടെ വടക്കേ അറ്റം കടന്ന് അതിവേഗം നീങ്ങുന്നതായി സമീപകാല ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയുടെ സമീപത്തുകൂടി കടന്നുപോയ ബ്രിട്ടനിലെ ധ്രുവ ഗവേഷണ കപ്പലിലെ ജീവനക്കാര്‍ പകര്‍ത്തിയ മനോഹരമായ വീഡിയോയാണ് എക്‌സില്‍ തരംഗമായി മാറിയത്. ഡ്രോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
അന്റാര്‍ട്ടിക് സമുദ്രത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന ഭീമാകാരമായ മഞ്ഞുമലയുടെ ചുറ്റുമുള്ള സമുദ്രജല സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചതായി ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേ അറിയിച്ചു.
വെള്ളിയാഴ്ച, ആര്‍ആര്‍എസ് സര്‍ ഡേവിഡ് ആറ്റന്‍ബറോ, അതിന്റെ ഉദ്ഘാടന ശാസ്ത്ര ദൗത്യത്തിനായി അന്റാര്‍ട്ടിക്കയിലേക്കുള്ള യാത്രാമധ്യേയാണ് അന്റാര്‍ട്ടിക് ഉപദ്വീപിന്റെ അറ്റത്തുള്ള A23a എന്നറിയപ്പെടുന്ന ഭീമാകാരമായ മഞ്ഞുമലയ്ക്ക് സമീപത്തുകൂടെ സഞ്ചരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.