ചെങ്കടലില്‍ ഫ്രഞ്ച് യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

പാരീസ്: ചെങ്കടലില്‍ ഫ്രഞ്ച് യുദ്ധക്കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ചെങ്കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഫ്രഞ്ച് യുദ്ധക്കപ്പലിന് നേരെ ഹൂതികള്‍ ഡ്രോണുകള്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഹൂതികള്‍ തൊടുത്ത രണ്ട് ഡ്രോണുകളും നിമിഷങ്ങള്‍ക്കകം ഫ്രഞ്ച് സൈന്യം വെടിവെച്ചിട്ടു.

ചെങ്കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഫ്രഞ്ച് യുദ്ധക്കപ്പലായ ലാംഗുഡോക്ക് നേരെയാണ് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. യെമന്‍ തീരത്ത് നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് സംഭവം.

ഭക്ഷണവും മരുന്നുകളുമായി എത്തുന്ന കപ്പലുകള്‍ ഒഴികെ ചെങ്കടലില്‍ എത്തുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് ശേഷം ചെങ്കടലില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഹൂതികള്‍ നിരന്തരമായി പരിശ്രമിച്ച് വരികയാണ്.

ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ തുടക്കം മുതല്‍ ഹൂതികള്‍ നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ചെങ്കടലിലേക്ക് തൊടുത്തുവിട്ടിട്ടുണ്ട്.

നവംബറില്‍ യെമനില്‍ ചെങ്കടലില്‍ വെച്ച് ഇസ്രായേലുമായി ബന്ധമുള്ള വാഹന ഗതാഗത കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. വിമതര്‍ ഇപ്പോഴും ഹൊദൈദയ്ക്ക് സമീപം കപ്പല്‍ കൈവശം വച്ചിട്ടുണ്ടെന്നാണ് വിവരം.