
വാഷിംഗ്ടൺ: അമേരിക്ക വെടിവെച്ചിട്ട ചൈനീസ് ചാര ബലൂൺ ആശയവിനിമയം നടത്തിയത് യുഎസ് ഇന്റർനെറ്റ് ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത്. 2023 ഫെബ്രുവരിയിൽ അമേരിക്കയിലൂടെ സഞ്ചരിച്ച ചൈനീസ് ചാര ബലൂൺ നാവിഗേഷനും ലൊക്കേഷനുമായി ബന്ധപ്പെട്ട ഡാറ്റ ചൈനയിലേക്ക് കൈമാറാൻ ഒരു അമേരിക്കൻ സേവന ദാതാവിനെ ഉപയോഗിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
നിർദ്ദിഷ്ട ഇന്റർനെറ്റ് സേവന ദാതാവിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബലൂണിന് യുഎസ് കടക്കുമ്പോൾ ബീജിംഗുമായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടെന്ന് സിഎൻഎന്നിനെ അറിയിച്ചു.
അതേസമയം ചൈനയിലേക്ക് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറാൻ ഈ സേവനം ഉപയോഗിച്ചിട്ടില്ലെന്നും, ബലൂണിന്റെ ലോക്കേഷനും മറ്റും കൈമാറാനാണ് ഇത് ഉപയോഗിച്ചെതുമാണ് യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.
എഫ്ബിഐയും നാഷണൽ ഇന്റലിജൻസ് ഓഫീസ് ഡയറക്ടറും വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. അതേസമയം കാലാവസ്ഥാ ബലൂണിന് ഗതി തെറ്റിയതാണെന്ന വാദത്തിൽ ചൈന ഉറച്ചു നിൽക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയിലെ സൗത്ത് കരോലിന തീരത്ത് ചൈനയുടെ ചാര ബലൂൺ അമേരിക്ക വെടിവച്ചിട്ടിരുന്നു. ഏകദേശം മൂന്ന് ബസുകളുടെ വലിപ്പമുള്ള ബലൂണാണ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ അമേരിക്ക വെടിവെച്ചിട്ടത് കാലാവസ്ഥാ പ്രവചനത്തിനുള്ള ഉപകരണമാണെന്ന് ചൈന അവകാശപ്പെട്ടു. എന്നാൽ ബലൂൺ സൈനിക നിരീക്ഷണം നടത്താൻ ചൈന ഉപയോഗിച്ചതായാണ് അമേരിക്ക വിശ്വസിക്കുന്നത്.