
ബര്‍ലിന്‍: മുന്‍ കാഞ്ഞിരപ്പള്ളി എംഎല്‍എ തോമസ് കല്ലമ്പള്ളിയുടെ മകന്‍ സുഭാഷ് ചന്ദ്ര ജോസ് യൂറോപ്യന്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (EBRD) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായി. കഴിഞ്ഞദിവസം ജോസ് സ്ഥാനമേറ്റെടുത്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ത്രേസികുട്ടി കല്ലമ്പള്ളിയയാണ് മാതാവ്.
പരിചയസമ്പന്നനായ ഐടി, ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൊഫഷണലായ ജോസ് ഐഎന്‍ജി ഇറ്റലിയിലെ ടെക്‌നോളജി മുന്‍ തലവനാണ്. 2012ല്‍ ഐഎന്‍ജിയില്‍ ചേര്‍ന്നതിനുശേഷം, യൂറോപ്പിലെയും (സ്‌പെയിന്‍, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, ഇറ്റലി) ഏഷ്യയിലെയും ചെറുകിട വ്യാപാരം, മൊത്തവ്യാപാരം, സംഭംഭകത്വം തുടങ്ങിയ സാങ്കേതിക പരിവര്‍ത്തനങ്ങള്‍ക്ക് ചുമതലയേറ്റ് വിവിധ ഐടി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന ആധുനിക ക്‌ളൗഡ് അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ലെഗസി ആപ്‌ളിക്കേഷനുകള്‍ മൈഗ്രേറ്റ് ചെയ്തിട്ടുണ്ട്.
ഐഎന്‍ജിക്ക് മുമ്പ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ഒന്നിലധികം വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. ലോകത്തിലെ മുന്‍നിര ജാവ അധിഷ്ഠിത ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നിന്റെ കോര്‍ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വം ജോസിനായിരുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും പല പ്രമുഖ കോര്‍പ്പറേറ്റ് ബാങ്കുകളെയും അവരുടെ കോര്‍ ബാങ്കിംഗിലും പേയ്‌മെന്റ് പരിവര്‍ത്തനങ്ങളിലും സഹായിക്കുന്നതിലും ജോസ് ഉത്തരവാദിത്വം വഹിച്ചിരുന്നു. ടാറ്റയില്‍ ചേരുന്നതിനു മുമ്പ്, ജോസ് ഇന്ത്യയിലെ ആദ്യകാല ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനികളിലൊന്ന് സ്ഥാപിച്ചതുവഴി കരിയറില്‍, നിരവധി വ്യവസായ അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്.
സെന്റ് ആന്റണീസ് പ്ലബിക് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്‌ററിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടി. ഭാര്യ ജീസ്. നാല് മക്കള്‍. യൂറോപ്യന്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് 1991ല്‍ സ്ഥാപിതമായ ഒരു രാജ്യാന്തര ധനകാര്യ സ്ഥാപനമാണ്.
ഒരു ബഹുമുഖ വികസന നിക്ഷേപ ബാങ്ക് എന്ന നിലയില്‍, വിപണി സമ്പത് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഉപകരണമായി ബാങ്ക് നിക്ഷേപത്തെ ഉപയോഗിക്കുന്നു. തുടക്കത്തില്‍ മുന്‍ ഈസ്‌റേറണ്‍ ബ്‌ളോക്കിന്റെ രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, മധ്യ യൂറോപ്പ് മുതല്‍ മധ്യേഷ്യ വരെ യുള്ള 30 ലധികം രാജ്യങ്ങളില്‍ വികസനത്തിന് പിന്തുണ നല്‍കുന്നതിനായി ഇത് വിപുലീകരിച്ചു. 2018 ജൂലൈ 11 മുതല്‍ ഇന്ത്യ ഇ.ബി.ആര്‍.ഡി. അംഗമാണ്.
179 പെയ്ഡ് ഇന്‍ ഷെയറുകളും 807 കാളിങ് ഓഹരികളും അടങ്ങുന്ന 986 ഓഹരികള്‍ സ്വീകരിച്ചു കൊണ്ട് ഇന്ത്യ ഇ.ബി.ആര്‍.ഡി യുടെ 69-ാമത്തെ അംഗമായി. ഇന്ത്യയ്ക്ക് ധനസഹായം ലഭിക്കില്ല, എന്നാല്‍ അതിന്റെ പ്രദേശങ്ങളില്‍ ഇ.ബി.ആര്‍. ഡിയുമായുള്ള സംയുക്ത നിക്ഷേപം വര്‍ധിപ്പിക്കാന്‍ കഴിയും. ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി) പ്രവര്‍ത്തനങ്ങളുടെയും ഡിജിറ്റല്‍ ലക്ഷ്യങ്ങളുടെയും എല്ലാ വശങ്ങളുടെയും ഉത്തരവാദിത്വം അദ്ദേഹത്തിനായിരിക്കും. ഇ.ബി.ആര്‍.ഡി.യില്‍ ഈ ഉന്നത പദവി വഹിക്കുന്ന ആദ്യ ഇന്ത്യാക്കാരന്‍ കൂടിയാണ് സുഭാഷ് ചന്ദ്ര ജോസ്.