അന്ന് വിഷമം ഉണ്ടെന്ന് പറഞ്ഞ ട്രംപിന് ഇന്ന് മൗനം! ആൻഡ്രൂ രാജകുമാരന്റെ അറസ്റ്റിൽ ഒന്നും മിണ്ടാതെ ട്രംപ്, അമേരിക്കയിൽ ചർച്ച

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ രാജകുമാരൻ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായതോടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾ വീണ്ടും ചർച്ചയാകുന്നു. കഴിഞ്ഞ വർഷം ആൻഡ്രൂവിന്റെ രാജകീയ പദവികൾ നീക്കം ചെയ്തപ്പോൾ, അത് രാജകുടുംബത്തിന് സംഭവിച്ച ദാരുണമായ കാര്യമാണെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ ആൻഡ്രൂവിന്റെ അറസ്റ്റിന് പിന്നാലെ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആൻഡ്രൂവിന്റെ പദവികൾ നഷ്ടപ്പെട്ടപ്പോൾ “എനിക്ക് വലിയ വിഷമം തോന്നുന്നു” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

എപ്‌സ്റ്റീനുമായുള്ള ആൻഡ്രൂവിന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് പരാമർശിക്കാതെ, ബ്രിട്ടീഷ് രാജകുടുംബത്തോടുള്ള തന്റെ അടുപ്പം മാത്രമാണ് ട്രംപ് പ്രകടിപ്പിച്ചത്. ബ്രിട്ടനിൽ രാജാവിന്റെ സഹോദരൻ പോലും നിയമനടപടികൾ നേരിടുമ്പോൾ, എന്തുകൊണ്ട് അമേരിക്കയിൽ എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട സ്വാധീനശക്തിയുള്ളവർക്കെതിരെ നടപടിയുണ്ടാകുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. എപ്‌സ്റ്റീനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ട്രംപ് എപ്പോഴും ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. രാജ്യം ഈ വിഷയം മറന്ന് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാൻ മാത്രമാണ് ആളുകൾ ഈ കേസ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.

ട്രംപിന്റെ അറ്റോർണി ജനറൽ പാം ബോണ്ടിയും സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസിൽ ഈ വിഷയത്തിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ വ്യക്തിപരമായ പരാമർശങ്ങളിലൂടെയാണ് അവർ അതിനെ നേരിട്ടത്. ബ്രിട്ടനിൽ ആൻഡ്രൂ രാജകുമാരന്റെ അറസ്റ്റോടെ, എപ്‌സ്റ്റീൻ കേസിലെ അമേരിക്കൻ അന്വേഷണങ്ങളെക്കുറിച്ചുള്ള സമ്മർദ്ദം വർദ്ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

More Stories from this section

family-dental
witywide