ഗാസയിൽ 11058 പേർ കൊല്ലപ്പെട്ടു, ആശുപത്രികൾക്കു നേരെ കടുത്ത ആക്രമണം, വെടിനിർത്തൽ നടപ്പായില്ല

ഗാസ : ഗാസയിൽ സൈന്യം ആശുപത്രികൾക്ക് നേരെ ആക്രമണം ശക്തമാക്കി. ഇതുവരെ ഗാസയിൽ 11058 പേർ കൊല്ലപ്പെട്ടു. അതിൽ 4506 പേർ കുട്ടികളാണ്. 28000 പേർക്കു പരുക്കേറ്റു.

ഗാസയിലെ ഏറ്റവും പ്രധാന ആശുപത്രിയായ അൽ ഷിഫയ്‌ക്കു നേരെ കഴിഞ്ഞ രാത്രി മുതൽ ആക്രമണം ഇടതടവില്ലാതെ തുടരുകയാണ്‌. മറ്റു നാല് ആശുപത്രികൾക്കും ഒരു സ്കൂളിനും നേരെ ആക്രമണമുണ്ടായി. അഭയാർഥികൾ താമസിച്ചിരുന്ന അൽ ബുറാസ് സ്കൂളിൽ ബോംബിട്ടതിനെ തുടർന്ന് 50 പേർ കൊല്ലപ്പെട്ടു. അൽ കുദ്സ് ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയുടെ ഇൻറ്റൻസിവ് കെയർ യൂണിറ്റ് തുറന്ന് ഇസ്രയേൽ സൈന്യം വെടിവച്ചു എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. അൽ നാസർ ആശുപത്രി. ഇന്തോനേഷ്യൻ ആശുപത്രി എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രികൾക്കു സമീപം ടാങ്കുകളും കവചിത വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.

അൽ ഷിഫയെ ആവർത്തിച്ച്‌ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നതിനാൽ ചികിത്സ പൂർത്തിയാക്കാതെ നിരവധി രോഗികൾ ആശുപത്രിവിട്ടു. ജീവൻ അപകടത്തിലാണെങ്കിലും രോഗികളെയും അഭയം തേടിയവരെയും ഉപേക്ഷിച്ച്‌ ആരോഗ്യപ്രവർത്തകർ അൽഷിഫ ആശുപത്രിവിട്ട്‌ പോകില്ലെന്ന്‌ മെഡിക്കൽ വിദ്യാർഥി എസുദീൻ ലുലു പറഞ്ഞു. ഗാസയിൽ പകുതിയിലേറെ ആശുപത്രികൾ പ്രവർത്തനം നിർത്തി.

എന്നാൽ ഹാമാസ് തീവ്രവാദി എവിടെ ഒളിച്ചിരുന്നാലും തങ്ങൾ കൊല്ലുക തന്നെ ചെയ്യുമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. അതിനിടെ ഇസ്രയേലിൽ ഒക്ടോബർ 7 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 ആക്കി കുറച്ചു ഇസ്രയേൽ. ഇതുവരെ 1400 ആയിരുന്നു കണക്ക്. 200 പേർ ഏറ്റുമുട്ടലിനിടെ മരിച്ച തീവ്രവാദികളാണെന്ന് ഇസ്രയേൽ പറയുന്നു.

ജെനിൻ അഭയാർഥി ക്യാമ്പിനുനേരെയുണ്ടായ സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. വെസ്റ്റ് ബാങ്കിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. യുദ്ധം തുടങ്ങിയശേഷം വെസ്റ്റ്‌ ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 183 ആയി.

ബെത്‌ലഹേമിലെ എയ്‌ഡ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്‌പിൽ പരിക്കേറ്റ മുഹമ്മദ് അലി അസീഹിൻ എന്ന പതിനേഴുകാരൻ മരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ  ക്യാമ്പിലേക്ക് ഇരച്ചുകയറുന്നതിനിടെ സൈന്യം വെടിവയ്ക്കുകയായിരുന്നു. അസീഹിന്‌ പ്രാഥമിക ശുശ്രൂഷ നൽകുന്നത്‌ സൈന്യം തടഞ്ഞതായി പലസ്‌തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട്‌ ചെയ്‌തു. ജെറുസലേമിൽ പൊലീസുകാരനെ കുത്തിയെന്ന്‌ ആരോപിച്ച്‌ 13 വയസുകാരന്റെ വീട്‌ ഇസ്രയേൽ സൈന്യം തകർത്തു.

വെസ്റ്റ്‌ ബാങ്കിൽ വ്യാഴാഴ്‌ച രാത്രി 80 പലസ്‌തീൻകാരെ ഇസ്രയേൽ സൈന്യം അറസ്റ്റ്‌ ചെയ്‌തു. ഹെബ്രോണിന് വടക്കുള്ള അൽ-അറൂബ് അഭയാർഥി ക്യാമ്പിൽനിന്നുള്ളവരാണ്‌ ഭൂരിപക്ഷവും. മറ്റുള്ളവർ ഹെബ്രോൺ, ബെത്‌ലഹേം, നബ്ലസ്, റാമള്ള എന്നിവിടങ്ങളിൽ ഉള്ളവരാണ്‌. 7200 പലസ്‌തീൻകാർ ഇസ്രയേൽ ജയിലുകളിലുണ്ട്‌. അതിൽ 2600 പേരെ ഒക്ടോബർ ഏഴിനുശേഷമാണ്‌ പിടികൂടിയത്‌.

യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ്‌ ബാങ്കിൽ റെയ്‌ഡ്‌ എന്ന പേരിൽ നടക്കുന്ന കടന്നുകയറ്റങ്ങളുടെ എണ്ണവും വർധിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീൻകാരെ സംരക്ഷിക്കാൻ ഇസ്രയേൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈകമീഷണർ വോൾക്കർ ടർക്ക്‌ പറഞ്ഞു.


ഗാസയിൽ ദിവസവും നാലുമണിക്കൂർ ആക്രമണത്തിന്‌ താൽക്കാലിക വിരാമം ഉണ്ടാകുമെന്ന വൈറ്റ്‌ ഹൗസ്‌ പ്രഖ്യാപനം നടപ്പായില്ല. ആക്രമണത്തിന്‌ താൽക്കാലിക വിരാമം നൽകാൻ ഇസ്രയേൽ സമ്മതിച്ചതായി വൈറ്റ്‌ ഹൗസ്‌ ദേശീയ സുരക്ഷാ വക്താവ്‌ ജോൺ കിർബി വ്യാഴാഴ്‌ചയാണ്‌ പ്രഖ്യാപിച്ചത്‌.

ഇതിന്‌ പിന്നാലെ പോരാട്ടം തുടരുകയാണെന്നും ബന്ദികളെ മോചിപ്പിക്കുന്നതുവരെ വെടിനിർത്തൽ ഇല്ലെന്നും അറിയിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ്‌ പ്രസ്‌താവനയിറക്കി. തെക്കൻ ഗാസയിലേക്ക്‌ ജനങ്ങൾക്ക്‌ ഒഴിഞ്ഞുപേകാൻ ഇപ്പോൾതന്നെ തങ്ങൾ വഴിഒരുക്കുന്നുണ്ടെന്നും അറിയിച്ചു.

The number of people killed in Gaza by Israeli has risen to 11,078

More Stories from this section

family-dental
witywide