
കണ്ണൂര്‍: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ നടന്ന ഗൂഢാലോചനയ്ക്കും ആരോപണങ്ങള്‍ക്കും ആയുസുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചനയുടെ സൂത്രധാരനെ കയ്യോടെ പിടികൂടാന്‍ സാധിച്ചുവെന്നും ധര്‍മടത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ചില മാധ്യമസ്ഥാപനങ്ങളും വ്യക്തികളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
”ഇതുപോലെയുള്ള എത്ര എത്ര കെട്ടിച്ചമയ്ക്കലുകള്‍ ഇനിയും വരാനിരിക്കുന്നു. ഇത് ആദ്യത്തെതും അവസാനത്തെതും അല്ല. 1996ല്‍ പയ്യന്നൂരില്‍നിന്ന് മത്സരിച്ചപ്പോള്‍ എനിക്കതിരെ പെട്ടെന്ന് ഒരു ആരോപണം ഉണ്ടായി. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും വൈദ്യുതി മന്ത്രിയാകുമെന്നും മനസ്സിലാക്കിയാണ് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. എനിക്ക് കോടികള്‍ നല്‍കി എന്നായിരുന്നു ആരോപണം. ഏതെല്ലാം തരത്തില്‍ കഥ മെനയാമെന്നതിന്റെ തെളിവായിരുന്നു അത്.
അന്ന് അത് ഒറ്റപ്പെട്ട രീതിയായിരുന്നു. ഇപ്പോള്‍ അതു വ്യാപകമായ രീതിയായി മാറിയിരിക്കുന്നു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വന്നു. അന്ന് എല്‍ഡിഎഫിന് ഒരു സീറ്റുമാത്രമേ നേടാനായുള്ളൂ. ഇതേതുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് കരുതി യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നിട്ടും 2021ല്‍ വീണ്ടും സാധാരണ നിലയില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു” മുഖ്യമന്ത്രി പറഞ്ഞു.















