
ഭോപ്പാൽ: മധ്യപ്രദേശിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരത് ആദിവാസി പാർട്ടിയുടെ എംഎൽഎയായ കമലേശ്വർ ദോദിയാർ നിയമസഭാ സാമാജികനായി ചുമതലയേൽക്കാൻ സഭയിലെത്തിയത് കടമെടുത്ത ബൈക്കിൽ. കമലേശ്വർ തന്നെയാണ് തന്റെ ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ ലൈവായി പങ്കുവച്ചത്.
രത്‍ലം ജില്ലയിലെ സൈലാന എന്ന മണ്ഡലത്തിൽ നിന്നാണ് ബിഎപി പാർട്ടിയുടെ ഏക എംഎൽഎ ആണ് കമലേശ്വർ ദോദിയാർ
എംഎൽഎ ആയതിന് ശേഷം സഭയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിന് കാർ ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദരിദ്ര കുടുംബത്തിലെ അംഗമായ ദോദിയാറിന് കാർ കടം വാങ്ങാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തന്നെ നാട്ടുകാരിൽ നിന്നും പണം കടം വാങ്ങിയാണ്.
ഒടുവിൽ അദ്ദേഹം തന്റെ ബന്ധുവിന്റെ മോട്ടോർബൈക്ക് കടം വാങ്ങി, അതിൽ “എംഎൽഎ” എന്ന് എഴുതിയ സ്റ്റിക്കർ ഒട്ടിച്ചു. തണുപ്പുള്ള കാലാവസ്ഥയെ മറികടന്ന്, 330 കിലോമീറ്റർ സവാരി കഴിഞ്ഞ് ബുധനാഴ്ച രാത്രി ദോദിയാർ ഭോപ്പാലിൽ എത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തനിക്ക് എംഎൽഎ ആയി അധികാരമേൽക്കാനുള്ള നടപടി ക്രമങ്ങൾക്കായി ഭോപ്പാലിലേക്ക് പോകുകയാണെന്നും കാർ ഇല്ലാത്തതിനാൽ ബൈക്കിലാണ് യാത്രയെന്നും കാണിച്ച് ദോദിയാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. തനിക്ക് പോകും വഴിയിൽ വേണ്ട സുരക്ഷ ഒരുക്കണമെന്നും ദോദിയാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവ്‍രാജ് സിംഹ് ചൗഹാൻ, രത്‍ലം പൊലീസ് എന്നിവരെ ടാഗ് ചെയ്തായിരുന്നു ദോദിയാറിന്റെ പോസ്റ്റ്.
ഭോപ്പാലിലെത്തിയ ശേഷം എം.എൽ.എ റസ്റ്റ് ഹൗസിൽ `അതിഥി’യായി താമസം ശരിപ്പെടുത്തി.
വ്യാഴാഴ്‌ച അദ്ദേഹം നിയമസഭയുടെ പ്രവേശന കവാടത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ യോഗ്യതാ പത്രം സമർപ്പിച്ചത്. കോൺഗ്രസിന്റെ സിറ്റിങ്ങ് എംഎൽഎ ആയ വിജയ് ഗെലോട്ടിനെ 4.618 വോട്ടുകൾക്കാണ് ദോദിയാർ പരാജയപ്പെടുത്തിയത്. 230 അംഗങ്ങളുള്ള അസംബ്ലിയിൽ ബിജെപി 163 സീറ്റും കോൺഗ്രസ് 66 സീറ്റും ബിഎപി 1 സീറ്റുമാണ് നേടിയത്.