അമേരിക്കയിൽ ആത്മഹത്യകളുടെ എണ്ണം കൂടുന്നു; 2022ൽ സ്വയം മരണം തിരഞ്ഞെടുത്തത് 49,000 പേർ

ന്യൂയോർക്ക്: അമേരിക്കയിൽ ആത്മഹത്യ മരണങ്ങളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ഗവൺമെന്റ് ഡേറ്റ പ്രകാരം 2022ൽ 49,449 പേരാണ് ആത്മഹത്യ ചെയ്തത്. തൊട്ടു മുൻപത്തെ വർഷത്തെക്കാൾ 2.6% വർധനവാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2021 ൽ 48,183 പേരാണ് ആത്മഹത്യ ചെയ്തത്.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷത്തെ ആത്മഹത്യാ നിരക്ക് ഇതുവരെ കണക്കാക്കിയിട്ടില്ല, എന്നാൽ ലഭ്യമായ ഡാറ്റ സൂചിപ്പിക്കുന്നത് രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്ക് എന്നാണ്.

തോക്കുകളുടെ ലഭ്യത വർധിച്ചതാണ് ആത്മഹത്യാ നിരക്ക് കുത്തനെ കൂടാനുള്ള പ്രധാന കാരണമെന്ന് അമേരിക്കൻ ഫൗണ്ടേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ജിൽ ഹാർകവി-ഫ്രീഡ്മാൻ പറഞ്ഞു.

അമേരിക്കയിൽ മിക്കവരുടെയും കയ്യിൽ തോക്കുണ്ട്. രാജ്യത്ത് തോക്കുകൾ ഉപയോഗിച്ചുള്ള ആത്മഹത്യാ നിരക്ക് കഴിഞ്ഞ വർഷം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയെന്ന് അടുത്തിടെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ വെളിപ്പെടുത്തിരിയിടുന്നു. ആദ്യമായി, കറുത്ത കൗമാരക്കാർക്കിടയിൽ വെളുത്ത കൗമാരക്കാരേക്കാൾ കൂടുതൽ ഇത്തരത്തിലുള്ള ആത്മഹത്യാ നിരക്ക് കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.

2000-കളുടെ തുടക്കം മുതൽ 2018 വരെ യുഎസിലെ ആത്മഹത്യകളിൽ ക്രമാനുഗതമായ വർധനവുണ്ടായി. ആ വർഷങ്ങളിൽ ഏകദേശം 48,300 ആത്മഹത്യകൾ ഉണ്ടായി. 2020-ൽ, കോവിഡ്-19 മഹാമാരിയുടെ ആദ്യ വർഷത്തിൽ ആത്മഹത്യാ നിരക്ക് വീണ്ടും കുറഞ്ഞു. പ്രായമായവരിലാണ് ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലെന്ന് പുതിയ കണക്കുകൾ പറയുന്നു. 45-നും 64-നും ഇടയിൽ പ്രായമുള്ളവരിൽ മരണനിരക്ക് ഏകദേശം ഏഴ് ശതമാനം വർധിച്ചു. വെള്ളക്കാരായ പുരുഷന്മാരിൽ നിരക്ക് പ്രത്യേകിച്ചും ഉയർന്നതാണ്. 25 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ ആത്മഹത്യകൾ ഒരു ശതമാനം വർധിച്ചു.

More Stories from this section

family-dental
witywide