‘വേദാന്ത കമ്പനി ഇടപെട്ട് പരിസ്ഥിതിച്ചട്ടങ്ങൾ മാറ്റി’: ഒസിസിആർപിയുടെ പുതിയ വെളിപ്പെടുത്തൽ

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പിനു പിന്നാലെ മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര ഖനന കമ്പനി വേദാന്ത ലിമിറ്റഡിനെതിരെയും മാധ്യമപ്രവർത്തക കൂട്ടായ്മയായ ‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ (ഒസിസിആർപി) ഗുരുതര വെളിപ്പെടുത്തൽ. കൊവിഡ് കാലത്ത് ഖനനത്തിനുള്ള പരിസ്ഥിതിച്ചട്ടങ്ങൾ ദുർബലപ്പെടുത്താൻ വേദാന്ത ലിമിറ്റഡ് സ്വാധീനം ചെലുത്തിയെന്നും പൊതുജനാഭിപ്രായം പോലും തേടാതെ സർക്കാർ ആവശ്യം അംഗീകരിച്ചുകൊടുത്തെന്നുമാണ് മുഖ്യ ആരോപണം.

രാജ്യത്തെ 2 പ്രധാന വ്യവസായ ഗ്രൂപ്പുകളെക്കുറിച്ചാണ് തുടർച്ചയായ ദിവസങ്ങളിൽ ഒസിസിആർപി അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. വേദാന്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട 2 സ്ഥാപനങ്ങൾ 2016– 20 കാലയളവിൽ ബിജെപിക്ക് 43.5 കോടി രൂപ സംഭാവന നൽകിയിരുന്നു. ഇലക്ടറൽ ബോണ്ട് വഴി കൂടുതൽ തുക നൽകിയിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി അനുമതി തേടാതെ തന്നെ ഉൽപാദനം 50% കൂട്ടാൻ ഖനന കമ്പനികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ജനുവരിയിൽ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തയച്ചു. പരിസ്ഥിതി അനുമതി നൽകുന്ന രീതിയിൽ മാറ്റം ആവശ്യപ്പെട്ട് ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേദാന്ത കത്തയച്ചു. ഇതു സംബന്ധിച്ച ചർച്ചയിൽ ചില ഉദ്യോഗസ്ഥർ ചട്ടം മാറ്റുന്നതിൽ ആശങ്ക രേഖപ്പെടുത്തി. എന്നാൽ, ഉൽപാദനം 20% കൂട്ടാൻ പബ്ലിക് ഹിയറിങ് ആവശ്യമില്ലെന്നു വ്യക്തമാക്കി പരിസ്ഥിതി മന്ത്രാലയം ഒക്ടോബറിൽ മെമ്മോ ഇറക്കി. 2022 ൽ വേദാന്ത ആവശ്യപ്പെട്ടതുപോലെ ഈ പരിധി 50% ആയി വർധിപ്പിക്കുകയും ചെയ്തു. ആരോപണങ്ങൾ വേദാന്ത നിഷേധിച്ചു.

More Stories from this section

dental-431-x-127
witywide