ഇംഫാൽ: സമാധാനം പുനഃസ്ഥാപിക്കാനുളള ശ്രമങ്ങൾക്കിടയിൽ മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. ഗ്രാമത്തിലെ വളന്റിയർമാരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ ഒരു സംഘം ഇവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ആഗസ്റ്റ് 18നാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ടവർ കുക്കി സമുദായക്കാരാണ്.
നാഗാ ഗോത്രക്കാരായ തങ്ഖുൽസിന്റെ കീഴിലുളള ഉഖ്രുൽ പട്ടണത്തിന് 47 കിലോമീറ്റർ അകലെ കുക്കി ജനത താമസിക്കുന്ന തൗവായ് ഗ്രാമത്തിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ സംഭവം നടന്നത്. താവായ് ഗ്രാമത്തിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന കുന്നുകളിൽ സായുധരായവർ ആക്രമണം നടത്തുകയും മൂന്ന് പേരെ കൊല്ലുകയായിരുന്നു എന്ന് ഉഖ്രുൽ പൊലീസ് സൂപ്രണ്ട് എൻ വഷു പറഞ്ഞു.
സംഭവത്തെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് ബിഷ്ണപൂർ, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് മെയ്തികളും രണ്ട് കുക്കികളും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിന് സിബിഐ രൂപം നല്‍കി. ഇതില്‍ 29 ഉദ്യോഗസ്ഥര്‍ വനിതകളാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൂന്ന് ഡിഐജി റാങ്ക് ഉദ്യോഗസ്ഥരില്‍ രണ്ട് പേര് വനിതകളാണ്. എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും സംഘത്തില്‍ ഉണ്ട്.
കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ശേഷം ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് നിലവില്‍ കൈമാറിയിട്ടുള്ളത്. മെയ്തി വിഭാഗത്തത്തില്‍ പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഉള്‍പ്പടെ ആറ് പുതിയ കേസുകളില്‍ കൂടി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. കലാപവുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകളുടെ അന്വേഷണവും വരുംദിവസങ്ങളില്‍ സിബിഐ ഏറ്റെടുത്തേക്കാം.