മണിപ്പുരില്‍ വീണ്ടും അശാന്തി പുകയുന്നു;വെടിവയ്പില്‍ രണ്ടു മരണം

ഗുഹാവത്തി: ശാന്തമായി എന്ന തോന്നലുണ്ടാക്കിയെങ്കിലും മണിപ്പൂര്‍ വീണ്ടും കത്തുന്നു. വെടിവയ്പ്പില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു, ഏഴുപേര്‍ക്ക് പരുക്കേറ്റു. നെല്‍പ്പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെയാണ് അക്രമികള്‍ നിറയൊഴിച്ചത്.

കുക്കികള്‍ക്ക് സ്വാധീനമുള്ള ചുരചന്ദ്പുര്‍ മെയ്തെയ് വിഭാഗത്തിനു സ്വാധീനമുള്ള ബിഷ്നുപുര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് അക്രമസംഭവമുണ്ടായത്.

മേയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം ഏതാണ്ട് 140ഏറെ ആളുകള്‍ മണിപ്പുരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോഴും പലയിടങ്ങളില്‍ വെടിവയ്പ് തുടരുന്നുണ്ട്. കേന്ദ്രസേന, സംസ്ഥാന പൊലീസ്, അസാം റൈഫിള്‍സ് സേന എന്നിവരുടെ സാന്നിധ്യം എല്ലായിടിത്തും ഉണ്ടായിട്ടുകൂടി സ്ഥിതി ഇനിയും നിയന്ത്രണ വിധേയമായില്ല.

അതിനിടെ ഒറ്റ ദിവസത്തേക്ക് മണിപ്പുര്‍ നിയമസഭ കൂടിയെങ്കിലും വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് വേഗംതന്നെ പിരിഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം പാടെ തകര്‍ന്നു എന്നും സര്‍ക്കാരാണ് അതിന് ഉത്തരവാദി എന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. മുഖ്യമന്ത്രി എന്‍. ബീരേന്‍സിങും കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒക്റാം ഇബോബി സിങ്ങും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സഭ സ്പീക്കര്‍ നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നെങ്കിലും കുക്കി, ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തില്ല.

സഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. നടപടികള്‍‍ ചിത്രീകരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ഫോണ്‍ പോലും കയറ്റാന്‍ അനുവാദമുണ്ടായിരുന്നില്ല.കലാപം നടന്നതിനു ശേഷം ആദ്യമായി ചേര്‍ന്ന സഭാനടപടികളാണ് ഇന്നലെ പൂര്‍ത്തിയാക്കാതെ പിരിഞ്ഞത്.

More Stories from this section

family-dental
witywide