നൂറ്റാണ്ടിന്റെ പോരാട്ട വീര്യത്തിന് പിറന്നാള്‍ ആശംസകള്‍

ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി .എസ് അച്യുതാനന്ദന് ഇന്ന് 100 വയസ്. ഒന്നിലും തോൽക്കാത്ത സമരതീക്ഷണത കൊണ്ടും പോരാട്ട വീര്യം കൊണ്ടും സാധാരണക്കാരെ ചേർത്തു പിടിച്ച ജനകീയ നിലപാടുകൾകൊണ്ടും ഒരു നൂറ്റാണ്ടിനെ ധന്യമാക്കിയ അദ്ദേഹത്തിന് ആശംസകൾ.

വാർധക്യ സഹജമായ രോഗങ്ങളാൽ നാലുവർഷമായി അദ്ദേഹം പൊതു രംഗത്തുനിന്ന് വിട്ടുനിൽക്കുകയാണ്. എങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളെ പരാമർശിക്കാതെ ഒരു ദിനവും കേരളത്തിൽ കടന്നു പോകുന്നില്ല .. അതാണ് വിഎസ്. 

കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വിഎസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചത് എത്ര ശരിയാണ്. 

സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മുഖ്യമന്ത്രിയായും മൂർച്ചയേറിയ പ്രതിപക്ഷ നേതാവായും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പിബി അംഗമായും അദ്ദേഹത്തെ കേരളം കണ്ടു. അതിനും മുമ്പ്, കേരളത്തിലെ നിർണായക ശക്തിയായി മാറിയ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വി.എസ് എന്ന നേതാവ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പട്ടിണിയും ദാരിദ്ര്യവും സഹിച്ചുള്ള സംഘടനാ പ്രവര്‍ത്തനം, അറസ്റ്റും മര്‍ദ്ദനവും, പൊലീസിൻ്റെ മൂന്നാംമുറ, മരണത്തെ നേരിട്ടു കണ്ട പീഡനങ്ങൾ, ജയിലുകളില്‍ നിന്ന് കോടതികളിലേക്കും കോടതികളില്‍ നിന്ന് തിരിച്ച് തടവറകളിലേക്കുമുള്ള സംഘര്‍ഷങ്ങള്‍ നിറഞ്ഞ യാത്ര അങ്ങനെ തൻ്റെ ഇരുപതുകളിൽ തന്നെ ഒരു സാധാരണ മനുഷ്യൻ് അനുഭവിക്കാവുന്ന ദുരന്തങ്ങളെല്ലാം തരണം ചെയ്തയാളാണ് അദ്ദേഹം. എന്നിട്ടും തനിക്കു മാത്രമായി സ്വസ്ഥമായി ജീവിക്കേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചു. തനിക്കു ചുറ്റുമുള്ള സാധാരണക്കാരും പാവപ്പെട്ടവരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചു. 

കയര്‍ ഫാക്ടറി തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും ചെത്തുതൊഴിലാളികളെയുമൊക്കെ സംഘടിപ്പിച്ചു. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക വഴിയല്ലാതെ ജീവിതത്തില്‍ സ്വസ്ഥത ഉണ്ടാവുകയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ആ തിരിച്ചറിവ് അദ്ദേഹത്തിന്റെ ജീവിതത്തിൽ മുഴുവൻ മുറകെ പിടിച്ചു. 

അധികാരത്തിലെത്തിയാൽ നിലപാടുകളിൽ വെള്ളം ചേർക്കുകയും പലതിനോടും സമരസപ്പെടുകയും ചെയ്യുന്ന ഭൂരിപക്ഷം രാഷ്ട്രീയക്കാരുടെ പക്ഷത്തല്ല വിഎസ്. നിലപാടിൽ തീർച്ചയും മൂർച്ചയും വ്യക്തതയുമുള്ള, വേദനിക്കുന്നവന്റെ കൂടെ സത്യസന്ധമായി നിൽക്കുന്ന, ശരിക്കു വേണ്ടി വിശ്രമമില്ലാതെ പോരാടിയ അപൂർവ വ്യക്തിയായിരുന്നു വിഎസ്. ജനമായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും മൂലധനവും ജനമനസ്സുകളിൽ ഇന്നും വിഎസ് നിറഞ്ഞുനിൽക്കുന്നത് അങ്ങനെയാണ്. 

പ്രതിപക്ഷത്തായാലും, ഭരണപക്ഷത്തായാലും മണ്ണിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ, സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളിൽ, പ്രകൃതിയെ സംരക്ഷിക്കാനുള്ള നിലപാടുകളിൽ വെള്ളം ചേർക്കാതെ, അവനവനെയും മറ്റുള്ളവരെയും പറ്റിക്കാതെ ജനങ്ങളോടൊപ്പം നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനാലാണ് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയ്ക്ക് അദ്ദേഹം വേറിട്ട് നിൽക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നിരവധി വിഷയങ്ങളില്‍ എടുത്തിട്ടുള്ള നിലപാടുകൾ പിന്നിട് അദ്ദേഹം മുഖ്യമന്ത്രി ആയപ്പോൾ ഒന്ന് പോലും വിടാതെ നടപ്പിലാക്കി. 

കേരളത്തിലാകെ പടർന്നു നിൽക്കുന്ന വൻ മരമാണ് വിഎസ്. ജീവിതത്തെ ഇത്രമേൽ അർഥപൂർണമാക്കിയ ഈ ധന്യ ജീവിതത്തിന് ഹൃദായാഭിവാദ്യങ്ങൾ. 

More Stories from this section

dental-431-x-127
witywide