യൂബർ യാത്ര തട്ടിക്കൊണ്ടുപോകലായി; രക്ഷയായത് ഗ്യാസ് സ്റ്റേഷനിലെ അപരിചിതന്‍

ഇക്കഴിഞ്ഞ ചൊവ്വാഴ്ച അരിസോണയിലെ ഒരു ഗ്യാസ് സ്റ്റേഷനിലുണ്ടായ നിർണ്ണായക ഇടപെടലുകള്‍ രക്ഷിച്ചത് ഒരു ജീവനാണ്. യൂബർ യാത്രയെന്നുകരുതി കയറിയ വാഹനം തന്നെ തട്ടിക്കൊണ്ടുപോവുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി, രക്ഷപ്പെടാന്‍ നടത്തിയ നീക്കമാണ് സംഭവങ്ങളുടെ തുടക്കം. ഗ്യാസ് സ്റ്റേഷനില്‍വെച്ചു മറ്റൊരു ഉപയോക്താവിന് സഹായിക്കണമെന്നെഴുതിയ കുറിപ്പ് യുവതി നല്‍കി. ഈ കുറിപ്പ് സമയോചിതമായി പൊലീസിന്റെ പക്കലെത്തിയതോടെ വലിയ പരിക്കുകളില്ലാതെ ബുധനാഴ്ച യുവതിയെ പൊലീസ് കണ്ടെത്തി.

യൂബർ ഡ്രെെവറെന്ന വ്യാജേനെ വിഗ് ധരിച്ചെത്തിയ അക്രമി 41 കാരനായ ജേക്കബ് വിൽഹോയിറ്റാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാവിലെ, ഫീനിക്സ് ഏരിയയിലെ ഒരു കാർ ഡീലർഷിപ്പിൽ നിന്നാണ് യുവതിയെ പ്രതി തട്ടിക്കൊണ്ടുപോയത്. അതേദിവസം തന്നെ യുവതിയുടെ അമ്മ പരാതിപ്പെട്ടിരുന്നു. സംശയിക്കുന്നവരുടെ ലിസ്റ്റില്‍ വിൽഹോയിറ്റിന്റെയും പേരുണ്ടായിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള വ്യക്തമായ പദ്ധതി ഇയാള്‍ തയ്യാറാക്കിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രിസ്റ്റിൻ ഗ്രീൻ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഷെയർ ടാക്സി വിളിച്ച യുവതിയെ ആ സമയത്ത് ഡീലർഷിപ്പിലെത്തിയ പ്രതി വാഹനത്തില്‍ കയറ്റി കടത്തുകയായിരുന്നു. യാത്രക്കിടെ സിപ്പറുകളുപയോഗിച്ച് യുവതിയുടെ കെെ ബന്ധിച്ചിരുന്നു. രാത്രി, സെലിഗ്മാനിലെ ഷെവ്‌റോൺ ഗ്യാസ് സ്റ്റേഷനിൽ വാഹനം നിർത്തിയിട്ടപ്പോഴാണ് രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചത്. സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു കുറിപ്പ് കാറിന് പുറത്തേക്കിടുകയായിരുന്നു.

തന്റെ പേര്, വാഹനത്തിന്റെ അടയാളങ്ങള്‍ എന്നിവയോടൊപ്പം തന്നെ ലാസ് വേഗാസിലേക്കാണ് കൊണ്ടുപോകുന്നത് എന്നടക്കം വിവരങ്ങള്‍ യുവതി കുറിപ്പില്‍ എഴുതിയിരുന്നു. കുറിപ്പ് ലഭിച്ച് വ്യക്തി ഉടന്‍ ലോക്കൽ പോലീസിനെ വിളിക്കുകയും വിൽഹോയിറ്റ് സഞ്ചരിച്ചിരുന്ന വാൻ I-40-ൽ പടിഞ്ഞാറോട്ട് പോയതായി അറിയിക്കുകയും ചെയ്തു.

ലാസ് വേഗാസിലേക്കുള്ള മാർഗമധ്യേ ലേക്ക് മീഡ് പാർക്കിൽ രാത്രി കഴിച്ചുകൂട്ടിയ വാഹനത്തെ ബുധനാഴ്ച കണ്ടെത്തിയതായി യവാപൈ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വാഹനത്തിൽ നിന്ന് ഒന്നിലധികം തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായ തടഞ്ഞുവയ്ക്കല്‍, ഉപദ്രവമേല്‍പ്പിക്കല്‍, ക്രൂരമായ ആക്രമണം എന്നീ വകുപ്പുകളാണ് വിൽഹോയിറ്റിനെതിരെ ചുമത്തിയിരിക്കുന്നത്.