മിയാമിയില്‍ നാലുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ‘രക്ഷകരായി’ രക്ഷിതാക്കള്‍

മിയാമി: നാലുവയസുകാരനായ തങ്ങളുടെ മകനെ തട്ടിക്കൊണ്ടുപോകാനുള്ള ഒരു അപരിചിതന്റെ ശ്രമം ധീരമായും സാഹസികമായും തടഞ്ഞ് ധീരരായ രക്ഷിതാക്കള്‍ ലോക ശ്രദ്ധനേടുന്നു. സംഭവം നടന്നത് അമേരിക്കയിലെ മിയാമിയിലാണ്. മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയും ഒരു ഫാര്‍മസിയില്‍ കയറിയതായിരുന്നു. തുടര്‍ന്ന് അമ്മ ഫാര്‍മസിയില്‍ നിന്നും പുറത്തുവരുന്നതിനു മുമ്പ് പിതാവും മകനും പുറത്തേക്ക് വന്നു. ഈ തക്കം നോക്കി ഒരാള്‍ പാഞ്ഞടുത്ത് കുട്ടിയുമായി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പിതാവ് വേഗത്തില്‍ അയാളെ കീഴ്‌പ്പെടുത്തുകയും അമ്മ ഓടിയെത്തി കുട്ടിയെ അയാളില്‍ നിന്നും രക്ഷപെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് ഇയാളെ തിരിച്ചറിയുകയും പൊലീസ് പിടികൂടുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തങ്ങള്‍ ക്യൂബയില്‍ നിന്ന് എത്തിയതാണെന്നും സംഭവിച്ചതില്‍ ഭയമുണ്ടെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി. എങ്കിലും സാഹസികതയും ധീരതയും നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോയി സ്വന്തം കുഞ്ഞിനെ രക്ഷിച്ച ഇരുവരും കയ്യടി നേടുകയാണ്.