മൊബൈല്‍ ഫോണിന്റെ നീളമുള്ള കുഞ്ഞന്‍ നായ; മിറക്കിള്‍ മില്ലിക്ക് ശേഷം ലോകശ്രദ്ധ പിടിച്ചുപറ്റി ‘പേള്‍’

മനുഷ്യനെക്കാള്‍ സ്‌നേഹമുള്ള ജീവിയാണ് നായയെന്നാണ് പൊതുവേയുള്ള സംസാരം. അതുകൊണ്ട് തന്നെ മനുഷ്യരെക്കാള്‍ നായകളെ സ്‌നേഹിക്കുന്ന മനുഷ്യര്‍ക്കും ഇവിടെ കുറവൊന്നുമല്ല. വീട്ടില്‍ വളര്‍ത്തുന്നതിന് ആകാരവടിവിലും ഭംഗിയിലും വലുപ്പത്തിലുമൊക്കെയുള്ള നായകളെ ഇഷ്ടപ്പെട്ട ഇനം നോക്കി ആളുകള്‍ വാങ്ങാറുണ്ട്. അത്യാവശ്യം നല്ല വലുപ്പവും ഉയരവുമൊക്കെയുള്ള നായയെ തിരഞ്ഞെടുക്കുമ്പോള്‍ അഥവാ വല്ല കള്ളന്മാരും വന്നാല്‍ ഒന്നു പേടിപ്പിച്ചു വിടുക എന്ന ഉദ്ദേശവുമുണ്ടാകാറുണ്ട്.

എന്നാല്‍ നായ കള്ളനെ ഓടിക്കാന്‍ പോയിട്ട് കള്ളന് കാണാന്‍ പോലും പറ്റാത്തത്ര ചെറുതാണെങ്കിലോ? അങ്ങനെ ഒരിനമാണ് ഷിവാവ. ഇത്തിരിക്കുഞ്ഞന്‍ നായകളാണ് ഈ ഇനത്തിലുള്ളത്. ഇതില്‍ തന്നെ ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് പേള്‍ എന്ന നായ. രണ്ട് വയസ്സ് പ്രായമുള്ള പെണ്‍ഷിവാവയാണ് പേള്‍. ഈ കുട്ടി ഡോഗിനെത്തേടി ഗിന്നസ് റെക്കോഡും എത്തിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായയായി പേളിന ഗിന്നസ് റെക്കോഡ് ലഭിച്ചു കഴിഞ്ഞു.

ഒരു കോലുമിഠായിയുടെ കോലിന്റെ ഉയരമേയുള്ളൂ ഇത്തിരക്കുഞ്ഞന്‍ പേളിന്. അല്ലെങ്കില്‍ ഒരു മൊബൈല്‍ ഫോണിന്റെ നീളം. ശരിക്കു പറഞ്ഞാല്‍ പേള്‍ ഒരു അത്ഭുത കാഴ്ച തന്നെയാണ്. ചിക്കനും സാല്‍മണുമൊക്കെയാണ് പേളിന്റെ ഇഷ്ടവിഭവങ്ങള്‍. ഇഷ്ടമുള്ളതെല്ലാം നല്‍കി പേളിനെ പൊന്നുപോലെ പരിപാലിക്കുകയാണ് ഉടമയായ വനേസ സെംലര്‍.

നേരത്തേ ലോകത്തിലെ ഏറ്റവും ചെറിയ നായയെന്ന വിശേഷണം മിറക്കിള്‍ മില്ലി എന്ന നായക്കായിരുന്നു. പേളിന്റെ ജനനത്തോടെ ഈ സ്ഥാനം പേളിനായി. ഈ റെക്കോഡ് ഉടമകള്‍ തമ്മില്‍ രക്തബന്ധവുമുണ്ട്. മിറക്കിള്‍ മില്ലിയുടെ സഹോദരിയുടെ കുട്ടി ഡോഗാണ് നിലവിലെ താരം പേള്‍.

More Stories from this section

family-dental
witywide