ഹുവാങ്ങിനെക്കുറിച്ച് ട്രംപിനോട് ചോദ്യം ചോദിച്ചതിന് പ്രതികാരം; ബ്ലൂംബെർഗ് റിപ്പോർട്ടറെ ത്രികക്ഷി ഉച്ചകോടിയിൽ നിന്നും വിലക്കി ചൈന

ന്യൂയോർക്ക്: നേരത്തെ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഉറക്കെ ചോദ്യം ചോദിച്ചതിന് പ്രതികാരമായി ബ്ലൂംബെർഗ് ടിവി മാധ്യമപ്രവർത്തക ആൻമേരി ഹോർഡേണിനെ ത്രികക്ഷി ഉച്ചകോടിയിൽ നിന്നും ചൈനീസ് അധികൃതർ വിലക്കി. വ്യാഴാഴ്ച ചൈനയിലെ ഷെൻഷെനിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ പങ്കെടുത്ത നിർണ്ണായക യോഗത്തിലാണ് റിപ്പോർട്ടർക്ക് പ്രവേശനം നിഷേധിച്ചത്.

നേരത്തെ ട്രംപും ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടെ ഹോർഡേൺ ഉറക്കെ ചോദ്യം ഉന്നയിച്ചിരുന്നു. എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ് അമേരിക്കയോട് കൂറുപുലർത്താത്ത ആളാണോ എന്നായിരുന്നു ട്രംപിനോടുള്ള അവരുടെ ചോദ്യം. ഇതിൽ പ്രകോപിതരായ ചൈനീസ് ഉദ്യോഗസ്ഥർ, റിപ്പോർട്ടറുടെ പെരുമാറ്റം അങ്ങേയറ്റം മര്യാദകേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുടർന്നുള്ള യോഗത്തിൽ നിന്നും ഇവരെ വിലക്കിയത്. ഉറക്കെ വിളിച്ചുപറഞ്ഞ് ചോദ്യങ്ങൾ ചോദിച്ചാൽ മുറിയിൽ നിന്ന് പുറത്താക്കുമെന്ന് ചൈനീസ് അധികൃതർ മാധ്യമസംഘത്തിന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഹോർഡേണിനെ യോഗത്തിൽ പ്രവേശിപ്പിക്കാൻ വൈറ്റ് ഹൗസ് ശക്തമായി ഇടപെട്ടെങ്കിലും ചൈന വഴങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ. മാധ്യമസ്വാതന്ത്ര്യത്തിനായി വൈറ്റ് ഹൗസ് നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്ന് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജാക്കി ഹെൻറിച്ച് പ്രതികരിച്ചു. അതേസമയം, സംഭവത്തോട് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയമോ ബ്ലൂംബെർഗ് ന്യൂസ് വക്താവോ തയ്യാറായില്ല.

പൊതുപരിപാടികളിൽ നേതാക്കളോട് മാധ്യമപ്രവർത്തകർ ഉറക്കെ ചോദ്യങ്ങൾ ചോദിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ സാധാരണമാണെങ്കിലും, ചൈന ഇത്തരം രീതികൾ അനുവദിക്കാറില്ല. 2022-ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ബൈഡൻ-ഷി ജിൻപിങ് കൂടിക്കാഴ്ചയ്ക്കിടെയും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് മനുഷ്യാവകാശങ്ങളെക്കുറിച്ച് ഉറക്കെ ചോദ്യം ചോദിക്കാൻ ശ്രമിച്ച വൈറ്റ് ഹൗസ് റിപ്പോർട്ടറെ ചൈനീസ് ഉദ്യോഗസ്ഥർ ബാഗിൽ പിടിച്ച് വലിക്കുകയും പുറത്തേക്ക് തള്ളാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

വിദേശ മാധ്യമപ്രവർത്തകരോട് കടുത്ത നിയന്ത്രണങ്ങളാണ് ചൈന എക്കാലവും പുലർത്തുന്നത്. വാർത്തകളുടെ പേരിൽ ലേഖകരെ പുറത്താക്കുന്നതും തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നതും ചൈനയിൽ പതിവാണ്. സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുന്നതും തടവുശിക്ഷ അനുഭവിക്കേണ്ടി വരുന്നതും ഇവിടെ സാധാരണമാണ്.

Retaliation for loudly asking Trump a question about Huang: China bars Bloomberg reporter from trilateral summit

More Stories from this section

family-dental
witywide