ഓൺലൈൻ റമ്മി കളിയിൽ പണം പോയ യുവാവ് ആത്മഹത്യചെയ്തു

തൊടുപുഴ: ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. കാസർകോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കൽ റെജി – റെജീന ദമ്പതികളുടെ മകൻ പി.കെ.റോഷ് (23) ആണ് മരിച്ചത്. പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലെ ജീവനക്കാരനായിരുന്നു.

റിസോർട്ടിനു സമീപമുള്ള മരത്തിൽ തൂങ്ങിയ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റോഷ് ഏറെ നാളായി ഓൺലൈൻ റമ്മി കളിക്ക് അടിമയായിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയും ഉള്‍പ്പെടെ ലക്ഷങ്ങൾ റമ്മി കളിയിൽ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിലെ ഏകമകനായ റോഷ്, ഏതാനും ദിവസം മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സ വേണമെന്നും സഹായം നൽകണമെന്നും സഹപ്രവർത്തകരോട് കള്ളം പറഞ്ഞിരുന്നു. എല്ലാവരും ചേർന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നൽകിയിരുന്നു. ഈ പണവും ഇയാൾ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയതായാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

youth hangs to death after losing heavily in Online rummy