
ന്യൂയോർക്ക്: ഗാസയിലെ യാതനകൾ പ്രമേയമാക്കി അവതരിപ്പിച്ച പരസ്യം വെബ്സൈറ്റിൽ നിന്ന് പിൻവലിച്ച് ഫാഷൻ ബ്രാൻഡ് സാറ. ഗാസയിൽ പരമ്പരാഗതമായി വെളുത്ത തുണി ഉപയോഗിച്ച് മൃതദേഹങ്ങൾ പൊതിയുന്നതിന് സമാനമായി ഫോട്ടോഷൂട്ടിൽ ഡമ്മികളെ വെളുത്ത തുണിയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ചുറ്റിവരിഞ്ഞിരുന്നു.
പലപസ്തീൻ ഭൂപടത്തിന് സമാനമായ കാർബോർഡ് കട്ടൗട്ട്, കെട്ടിടാവശിഷ്ടങ്ങളുടെ മാതൃകകൾ എന്നിവ ഉൾപ്പെടെ ചിത്രീകരിച്ച പരസ്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സമൂഹമാധ്യമമായ എക്സിൽ ‘ബോയ്ക്കോട്ട് സാറ’ ഹാഷ് ടാഗ് ട്രെൻഡിങ് ആയിരുന്നു.
അതേസമയം സാറയുടെ ഉടമസ്ഥരായ ഇന്റിടെക്സ് കമ്പനി പറയുന്നത് ഉള്ളടക്കങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ് പരസ്യം മാറ്റിയത് എന്നാണ്. ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് സെപ്തംബറിലാണ് വിവാദ ഫോട്ടോകൾ എടുത്തത് എന്നും സാറ അവകാശപ്പെട്ടു. തുടർന്ന് പരസ്യം പിൻവലിച്ച സാറ മാപ്പു പറയുകയും ചെയ്തു.













