
ജറുസലേം/വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തലിന്റെ ഭാവിയും പ്രദേശത്ത് വിന്യസിക്കാനുള്ള അന്താരാഷ്ട്ര സേനയുടെ കാര്യവും ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ഡിസംബർ 29 ന് കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് ഷോഷ് ബെഡ്രോസിയൻ അറിയിച്ചു. ട്രംപിൻ്റെ സമാധാന പദ്ധതി പ്രകാരമുള്ള രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും എന്നാൽ, ചില പ്രധാന കാര്യങ്ങളിൽ തീർപ്പുണ്ടാക്കാനുണ്ടെന്നും നെതന്യാഹു ഇന്നലെ വ്യക്തമാക്കിയിരുന്നു. നെതന്യാഹു ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശിക്കും, യാത്രയുടെ ഭാഗമായി മിയാമിയിലേക്ക് പോകാനും സാധ്യതയുണ്ട്.
ഗാസ വെടിനിർത്തൽ കരാർ, സിറിയ, ലെബനൻ, ഇറാൻ തുടങ്ങിയ പ്രാദേശിക വിഷയങ്ങളും ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഗാസയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിഭാവനം ചെയ്ത അന്താരാഷ്ട്ര സ്ഥിരതാ സേനയ്ക്ക് തങ്ങൾക്കാവശ്യമായ പ്രധാന കാര്യം കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കില്ലെന്ന് നെതന്യാഹു ഇന്നലെ ഇസ്രായേലി അംബാസഡർമാരുമായുള്ള കൂടിക്കാഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
“ജോലി ചെയ്യാൻ ഒരു അന്താരാഷ്ട്ര സേനയെ സ്ഥാപിക്കാൻ അമേരിക്കയിലെ ഞങ്ങളുടെ സുഹൃത്തുക്കൾ ആഗ്രഹിക്കുന്നു, ഞാൻ പറഞ്ഞു — തീർച്ചയായും ആവട്ടെ. അത്തരം ഒരു സേനയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. എന്നാൽ അവർക്ക് എല്ലാം ചെയ്യാൻ കഴിയില്ല — ഒരുപക്ഷേ പ്രധാന കാര്യം, അവർക്ക് ചെയ്യാൻ കഴിയില്ല. ഇത് ഞാൻ ട്രംപുമായി ചർച്ച ചെയ്യും,” നെതന്യാഹു പറഞ്ഞു.
വെടിനിർത്തലിന്‍റെ രണ്ടാം ഘട്ടത്തിൽ ഹമാസിൻ്റെ നിരായുധീകരണം നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് നെതന്യാഹു നേരത്തെ തന്നെ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര സേനയുടെ പ്രാഥമിക ലക്ഷ്യം ഹമാസിനെ നിരായുധീകരിക്കുന്നതിനു പകരം ഇസ്രായേലി സൈന്യത്തിൽ നിന്ന് വേർതിരിക്കലായിരിക്കണം എന്ന് തുർക്കി പോലുള്ള രാജ്യങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്. ട്രംപിന്റെ സമാധാന പദ്ധതിപ്രകാരം, യുഎസിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ഒരു സമിതി ഗാസയുടെ ഭരണച്ചുമതല വഹിക്കുമെന്നും ഹമാസിനെ നിരായുധീകരിക്കാനുള്ള അധികാരം അന്താരാഷ്ട്ര സേനയ്ക്കുണ്ടാകുമെന്നും വ്യവസ്ഥ ചെയ്യുന്നു.













