
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സംസ്ഥാന കൗണ്‍സിലില്‍ തീരുമാനമായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ ദേശീയ നേതാവായ ആനി രാജയെയാണ് സിപിഐ കളത്തിലിറക്കുന്നത്.
ത്രികോണപോരാട്ടത്തിന് തയാറെടുക്കുന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ കൃഷിമന്ത്രി വി .എസ് സുനില്‍കുമാറും സംവരണ മണ്ഡലമായ മാവേലിക്കരയില്‍ യുവനേതാവ് സി. എ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും പ്രഖ്യാപനം 26-ന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിനു ശേഷമായിരിക്കും.
സിപിഐ പട്ടിക പുറത്തുവന്നതോടെ എൽഡിഎഫ് സ്ഥാനാർഥി പട്ടിക പൂർണമായി. പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്കിനെയും ആലത്തൂരില്‍ കെ രാധാകൃഷ്ണനെയും പാലക്കാട്ട് എ വിജയരാഘവനെയും കോഴിക്കോട്ട് എളമരം കരീമിനെയും വടകരയില്‍ കെകെ ശൈലജയെയും കണ്ണൂരില്‍ എം വി ജയരാജനെയും ഇറക്കുന്നത് എന്തുവില കൊടുത്തും വിജയം ഉറപ്പാക്കാനാണ്.
കൊല്ലത്ത് നിലവിലെ എംഎല്‍എ മുകേഷിനെ ഇറക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. ആലപ്പുഴയില്‍ നിലവിലെ എംപി എ എം ആരിഫും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും ആറ്റിങ്ങലില്‍ വി ജോയിയും മത്സരിക്കും.
എറണാകുളത്ത് പുതുമുഖമായ കെ ജെ ഷൈനാണ് സിപിഎം സ്ഥാനാര്‍ഥി. സിപിഎം അധ്യാപക സംഘടനയായ കെഎസിഎ നേതാവായ ഷൈന്‍ വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗവുമാണ്.
പൊന്നാനിയില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെഎസ് ഹംസയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ഹംസയെ ലീഗില്‍നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് മലപ്പുറത്ത് ജനവിധി തേടും.
ചാലക്കുടിയില്‍ സി രവീന്ദ്രനാഥും കാസര്‍ഗോഡ് എം വി ബാലകൃഷ്ണനും മത്സരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
LDF candidate list is Complete in Kerala for Lok Sabha polls















