
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. എയര്‍പോര്‍ട്ടിലെ രണ്ടാം റണ്‍വേയ്ക്ക് സമീപം കൂറ്റന്‍ ബലൂണ്‍ പതിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനായി സ്ഥാപിച്ച ഹൈഡ്രജന്‍ ബലൂണാണ് എയര്‍പോര്‍ട്ടില്‍ പതിച്ചത്. ബലൂണ്‍ പറന്നുവരുന്നത് വാച്ച് ടവറിലെ ഉദ്യോഗസ്ഥരുടെയോ, മറ്റു ജീവനക്കാരുടെയോ ശ്രദ്ധയില്‍ പെട്ടില്ല. റണ്‍വേ നിരീക്ഷണത്തിന് എത്തിയ ഉദ്യോഗസ്ഥരാണ് ബലൂണ്‍ കണ്ടെത്തിയത്.
വിമാന ലാന്‍ഡിങുകള്‍ നടക്കാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. നെഹ്‌റു സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന ബലൂണാണ് റണ്‍വേയില്‍ എത്തിയത്. ശക്തമായി ബന്ധിച്ച ബലൂണ്‍ എങ്ങനെ അഴിഞ്ഞു എന്നതില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.