
വാഷിംഗ്ടണ്‍ : വാഷിംഗ്ടണ്‍ ഡി.സിയില്‍ ക്രമസമാധാന പാലനത്തിന് അത്യാവശ്യമെന്ന് കാട്ടി താന്‍ വിന്യസിച്ചിരിക്കുന്ന ഫെഡറല്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താമസക്കാരുടെ കടുത്ത എതിര്‍പ്പിനിടയിലായിരുന്നു ട്രംപിന്റെ നീക്കം. രാജ്യത്തിന്റെ തലസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയല്‍ ഒരു വിജയകരമായ നടപടിയായി മാറിയെന്നാണ് സന്ദര്‍ശനത്തിനു പിന്നാലെ ട്രംപ് പ്രഖ്യാപിച്ചത്.
ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയെന്ന നിലയില്‍ ട്രംപ് തെക്കുകിഴക്കന്‍ വാഷിംഗ്ടണ്‍ ഡി.സി.യിലെ യുഎസ് പാര്‍ക്ക് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ പിസ്സയും ഹാംബര്‍ഗറുകളും കരുതിയിരുന്നു. നിങ്ങളുടെ ശ്രമങ്ങള്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നതിലേക്ക് നയിക്കുന്നുവെന്നും, ഇത് വ്യത്യസ്തമായ ഒരു സ്ഥലം പോലെയാണിപ്പോഴെന്നും ട്രംപ് അഭിപ്രായപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് തലസ്ഥാന നഗരത്തിലെ യുഎസ് പാര്‍ക്ക് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചത്. നഗരം അക്രമാസക്തമായ കുറ്റകൃത്യത്താല്‍ മൂടിയെന്ന് പറഞ്ഞ ട്രംപ്, കഴിഞ്ഞ ആഴ്ച ഒരു പൊതു സുരക്ഷാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നാലെ അദ്ദേഹം നാഷണല്‍ ഗാര്‍ഡ് സൈനികരെയും ഫെഡറല്‍ ഏജന്റുമാരെയും തെരുവുകളില്‍ വിന്യസിച്ചു.
എന്നാല്‍ നഗരങ്ങളില്‍ നിയമപാലകരെ സഹായിക്കാന്‍ നാഷനല്‍ ഗാര്‍ഡ് സൈനികരെ നിയോഗിച്ചതിനെ എതിര്‍ക്കുന്നവരുമുണ്ട്. സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഗവര്‍ണറുടെ അനുമതി ഇല്ലാതെ സൈനികരെ അയക്കുന്നത് സ്വാതന്ത്ര്യം കവരുന്ന നടപടിയാണെന്നാണ് ഇവരുടെ വാദം. സാധാരണയായി നാഷനല്‍ ഗാര്‍ഡ് സംസ്ഥാന ഗവര്‍ണറുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ പ്രസിഡന്റിന് നാഷനല്‍ ഗാര്‍ഡ് സൈനികരെ നേരിട്ട് അയക്കാനും കഴിയും. ഇത്തരത്തില്‍ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്‍ ട്രംപ് സേനയെ വിന്യസിച്ചിരിക്കുന്നത്.














