
വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ചതിന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ വിചാരണ ചെയ്യാനുള്ള യുഎസിന്റെ നീക്കം ഒരുപക്ഷേ ഉപേക്ഷിച്ചേക്കും. ഒരു ദശാബ്ദക്കാലത്തെ നീക്കം ഉപേക്ഷിക്കണമെന്ന ഓസ്ട്രേലിയയുടെ അഭ്യര്‍ത്ഥന താന്‍ പരിഗണിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. വര്‍ഷങ്ങളായി, നിലവില്‍ ലണ്ടനിലെ ബെൽമാർഷ് ജയിലില്‍ കഴിയുകയാണ് അസാന്‍ജെ.
ഓസ്ട്രേലിയന്‍ പൗരനും പ്രസാധകനും ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റുമായ ജൂലിയന്‍ പോള്‍ അസാന്‍ജെ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കൂടിയാണ്. വിക്കിലീക്സ് എന്ന വെബ്സൈറ്റിന്റെ പത്രാധിപരായ ഇദ്ദേഹം 2006 ലാണ് വിക്കിലീക്സ് സ്ഥാപിക്കുന്നത്.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാന്‍ജെ ലോകശ്രദ്ധ നേടുന്നത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു. 2010 ന്റെ അവസാനം 3 ലക്ഷത്തില്‍ അധികം പേജുകള്‍ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അമേരിക്കയുടെ കണ്ണിലെ കരടായി അസാന്‍ജ് മാറി. അമേരിക്ക, ആസ്ട്രേലിയ, ചൈന തുടങ്ങി ഒട്ടനവധി രാജ്യങ്ങള്‍ വിക്കിലീക്സ് നിരോധിക്കുകയോ, അതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു.
വിക്കിലീക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസാന്‍ജെയ്ക്ക് മൂന്ന് മാധ്യമ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2011 ഫെബ്രുവരിയില്‍ സിഡ്നി സമാധാനപുരസ്കാരമായ ഗോള്‍ഡ് മെഡല്‍ ഇദ്ദേഹത്തിന് നല്കി.
ഒടുവില്‍ ഉയര്‍ന്നുവന്ന രണ്ട് ലൈംഗിക ആരോപണ കേസുകളിലാണ് ഇദ്ദേഹത്തിന് കുരുക്ക് മുറുകിയത്. ഇതിനു പിന്നില്‍ അമേരിക്കയാണെന്ന് അന്നേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അസാന്ജെയ്ക്കെതിരെ ഇന്റെര്പോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഭീഷണി മൂലം പല രാജ്യങ്ങളിലായി മാറി മാറി താമസിച്ച അസാന്‍ജെ ഒടുവില്‍ ബ്രിട്ടനിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.















