
ലണ്ടൻ: ഏഷ്യൻ യാത്രക്കാരെ പരിഹസിച്ച് ടിക് ടോക്കിൽ വംശീയ വിദ്വേഷം നിറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്തതിന് ബ്രിട്ടീഷ് എയർവേയ്‌സിൻ്റെ ക്യാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കി. ഹോളി വാൾട്ടണും ലോറൻ ബ്രായും ചേർന്ന് ആൻറിഗ്വയിലെ ഒരു ആഡംബര റിസോർട്ട് ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ വീഡിയോ ചിത്രീകരിച്ചതെന്ന് മെട്രോ റിപ്പോർട്ട് ചെയ്തു.
നന്നായി ഇംഗ്ലിഷ് സംസാരിക്കാനറിയാത്ത ചൈനീസ് യാത്രക്കാരെയാണ് ഇരുവരും പരിഹസിക്കുന്നത്. മുറി ഇംഗ്ലിഷിൽ ചൈനീസ് കുടുംബം വിമാനത്തിൽ കുടിക്കാനുള്ള പാനീയം ഓർഡർ ചെയ്യാൻ ശ്രമിക്കുന്നതിനെയും പരിഹാസമട്ടിൽ അവതരിപ്പിച്ചിരിക്കുന്നു.
എനിക്ക് കുറച്ച് വൈൻ തരൂ എന്ന് ചൈനീസ് ഉച്ഛാരണത്തിൽ ആവശ്യപ്പെടുന്ന വാൾട്ടൻ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ട്.
വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ, ഇരുവരുടെയും സഹപ്രവർത്തകർ പോസ്റ്റിനു താഴെ ഞെട്ടലും വിയോജിപ്പും പ്രകടിപ്പിച്ചു. ചൈനീസ് കുടുംബത്തെ മനപൂർവം അധിക്ഷേപിക്കുകയാണ് ഇരുവരുമെന്ന് ഒരാൾ സൂചിപ്പിച്ചു. എയർലൈൻസിനെയും സഹജീവനക്കാരെയും സംശയത്തോടെ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോ ആണിതെന്ന് ഏഷ്യക്കാരിയായ മറ്റൊരു സഹപ്രവർത്തക ആരോപിച്ചു. ഞങ്ങൾ ഇതിനെ അനുകൂലിക്കില്ലെന്നും കാബിൻ ക്രൂ അംഗങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ജീവനക്കാർക്കെതിരായ ആരോപണം ഗൗരവത്തോടെ കാണുന്നുവെന്നും വംശീയ അധിക്ഷേപം വെച്ചുപൊറുപ്പിക്കില്ലെന്നും ബ്രിട്ടീഷ് എയർവെയ്സ് വ്യക്തമാക്കി.















