
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ലക്ഷ്യമിട്ട് വെടിയുതിര്‍ത്ത 20 കാരന്‍ തോമസ് മാത്യു ക്രൂക്ക്‌സ് ആക്രമണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഗൂഗിളില്‍ തിരഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ട്രംപിന്റെ മരണം ഉറപ്പിക്കാനെന്നോണം, 1963 നവംബറില്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ വധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് യുവാവ് ഗൂഗിളില്‍ തിരഞ്ഞത്. വെടിവയ്പ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്റര്‍നെറ്റില്‍ നിന്നും കൃത്യമായ അന്വേഷണങ്ങള്‍ ഇയാള്‍ നടത്തിയതായും എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രെ പറഞ്ഞു.
ജൂലൈ 13 ന് പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ ട്രംപ് സ്റ്റേജില്‍ കയറുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അക്രമി വേദിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയതായും ക്രിസ്റ്റഫര്‍ വ്രെ വെളിപ്പെടുത്തി. അതേസമയം, ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്താന്‍ ഇനിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. കൊലപാതകശ്രമം തടയാനുള്ള ദൗത്യത്തില്‍ ഏജന്‍സി പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് കഴിഞ്ഞ ചൊവ്വാഴ്ച യുഎസ് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ രാജിവച്ചിരുന്നു.
വധശ്രമത്തില്‍ നിന്നും രക്ഷപെട്ട ട്രംപിനാകട്ടെ വലത്തെ ചെവിയുടെ മുകള്‍ ഭാഗത്ത് നിസാരമായ ഒരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആക്രമണത്തില്‍ റാലിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 50 വയസ്സുള്ള പെന്‍സില്‍വാനിയ അഗ്‌നിശമന സേനാംഗം വെടിയേറ്റ് മരിക്കുകയും ചെയ്തു.
വെടിയുതിര്‍ത്ത് 30 സെക്കന്‍ഡിനുള്ളില്‍ തോമസ് മാത്യു ക്രൂക്ക്‌സിനെ സീക്രട്ട് സ്‌നൈപ്പര്‍ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു.
അതേസമയം, ക്രൂക്ക്‌സിന് കൂട്ടാളികളോ സഹ ഗൂഢാലോചനക്കാരോ ഉണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അയാള്‍ എപ്പോഴും ഒറ്റയ്ക്കായിരുന്നുവെന്നും എഫ്ബിഐ ഡയറക്ടര്‍ വ്യക്തമാക്കി.