
ലിമ: തെക്കന്‍ പെറുവില്‍ ചൊവ്വാഴ്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. 40ലധികം യാത്രക്കാരുമായി ലിമയില്‍ നിന്ന് അയാകുച്ചോയിലെ ആന്‍ഡിയന്‍ മേഖലയിലേക്ക് പോകുകയായിരുന്നു ബസ്. ഏകദേശം 200 മീറ്റര്‍ താഴ്ചയിലേക്കാണ് വീണത്.
അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരാന്‍ നന്നേ ബുദ്ധിമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെ റോഡുകള്‍ മോശമാണെന്നും ട്രാഫിക് സൈന്‍ബോര്‍ഡുകളില്ലെന്നും സര്‍ക്കാര്‍ ഒരു അറ്റകുറ്റപ്പണിയും നടത്തുന്നില്ലെന്നും ഇരകളുടെ ബന്ധുക്കള്‍ ആരോപിച്ചു. മേയില്‍ ഇതേ റോഡില്‍ സമാനമായ ബസ് അപകടത്തില്‍ 17 പേര്‍ മരിച്ചിരുന്നു.
വളവുകളും മലനിരകളും നിറഞ്ഞ പെറുവിലെ റോഡുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷം, രാജ്യത്ത് 87,000 ലധികം വാഹനാപകടങ്ങളാണ് ഉണ്ടായത്. അതില്‍ 3,100ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.