ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകം: കാനഡയിൽ അറസ്റ്റിലായത് 3 ഇന്ത്യൻ പൗരന്മാര്‍

ഖലിസ്ഥാൻവാദി നേതാവും കാനേഡിയൻ പൗരനുമായ ഹര്‍ദീപ് സിങ് നിജ്ജാർ കാനഡയിൽ വധിക്കപ്പെട്ട കേസിൽ അറസ്റ്റിലായത് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍. കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായതെന്ന് കനേഡിയന്‍ ന്യൂസ് വെബ്‌സൈറ്റായ സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകം, വധഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഇവർ സ്റ്റുഡൻ്റ് വീസയിൽ കാനഡയിൽ എത്തിയവരാണ് എന്നു കരുതുന്നു.

നിജ്ജാറിന്റെ കൊലപാതകത്തിലെ പങ്കാളിത്തം ആരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കാനഡയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഡേവിഡ് ടെബോള്‍ അറിയിച്ചത്. തെളിവ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല. കേസില്‍ അന്വേഷണം തുടരുകയാണ്, അന്വേഷണം 3 പേരിൽ ഒതുങ്ങില്ല, ഇന്ത്യൻ ഏജൻസികളുടെ പങ്കുണ്ടോ എന്നത് വ്യക്തമായി അന്വേഷിക്കുമെന്ന് ടെബോൾ വ്യക്തമാക്കി. ഹര്‍ദീപ് സിങ് നിജ്ജാർ 2023 ജൂൺ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ ഗുരുദ്വാരയിൽ വൈകിട്ട് പ്രാർഥന കഴിഞ്ഞ് മടങ്ങുമ്പോൾ വെടിയേറ്റ് മരിക്കുകയായിരുന്നു.

നിജ്ജാറിൻ്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം പ്രസിഡൻ്റ് ജസ്റ്റിൻ ട്രൂഡോ അടക്കമുള്ളവർ നിരന്തരം ആരോപിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണോ ഇതെന്ന് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡയുടെ ആരോപണത്തെ തുടർന്ന് തെളിവുകൾ കൈമാറാനാണ് ഇന്ത്യ ആവശ്യപ്പെട്ടത്. കാനഡയുടെ ആരോപണം ഇന്ത്യന്‍ അധികൃതര്‍ പലതവണ നിഷേധിക്കുകയും ചെയ്തു. നിജ്ജാറിൻ്റെ കൊലപാതകം പോലെയുള്ള വിഷയങ്ങളില്‍ ഇടപെടുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കാനഡയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ 2023 സെപ്റ്റംബറില്‍തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ തീവ്രവാദികളായി പട്ടികയിൽ പെടുത്തിയിട്ടുള്ള പലരും വിദേശ രാജ്യങ്ങളിൽ കൊല്ലപ്പെടുന്നതിൽ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്ന വലിയ ആരോപണം രാജ്യാന്തര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. 2020 മുതൽ ഇന്ത്യയുടെ വാണ്ടഡ് പട്ടികയിലുള്ള തീവ്രവാദിയാണ് നിജ്ജാർ

മറ്റൊരു ഖലിസ്ഥാൻ നേതാവായ ഗുർപട്വന്ത് സിങ് പന്നൂനെ വധിക്കാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തിയെന്ന ആരോപണം അമേരിക്ക തെളിവു സഹിതം ഉന്നയിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട റോ ഉദ്യോഗസ്ഥൻ്റെ പേരും അമേരിക്ക വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

3 Indian Citizens Arrested In Canada in connection with Nijjar Murder

More Stories from this section

dental-431-x-127
witywide