ചുഴലിക്കാറ്റ്: ഒക്ലഹോമയിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു, നൂറിലേറെ പേർക്ക് പരുക്ക്

ഒക്ലഹോമയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നിരവധി പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം താറുമാറായി.

ഏകദേശം 5,000 ആളുകൾ താമസിക്കുന്ന സൾഫർ പട്ടണത്തിൽ കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്. ഡൗണ്ടൗണിലെ നിരവധി കെട്ടിടങ്ങൾ തകർന്നു. വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. കാറുകളും ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളെ കാറ്റ് മറിച്ചിട്ടു. സൾഫറിലെ ചുഴലിക്കാറ്റ് നഗരത്തിലെ പാർക്കിൽ നിന്നാണ് ആരംഭിച്ചത് അത് കടന്നുപോയ വഴികളിലെ ഇഷ്ടിക കെട്ടിടങ്ങളുടെ മേൽക്കൂരകൾ മുഴുവൻ പറന്നുപോയി. ജനാലകളും വാതിലുകളും നിലംപൊത്തി.ബാറിലുണ്ടായിരുന്ന ചിലർ ഉൾപ്പെടെ സൾഫർ പട്ടണത്തിൽ മാത്രം 30 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്ത് മൊത്തം നൂറോളം പേർക്ക് പരുക്കേറ്റു.

ശക്തമായ ചുഴലിക്കാറ്റുകൾ ഒക്ലഹോമയുടെയും അടുത്തുള്ള ഗ്രേറ്റ് പ്ലെയിൻസ് സംസ്ഥാനത്തെ ചില പ്രദേശങ്ങളിലും വീശിയടിച്ചു.
നെബ്രാസ്കയിലും അയോവയിലും വടക്കൻ ടെക്സാസിലും മിസോറിയിലും ചുഴലിക്കാറ്റ് വീശിയതായി ദേശീയ കാലാവസ്ഥാ സേവനം അറിയിച്ചു.

ഒക്‌ലഹോമ പട്ടണമായ ഹോൾഡൻവില്ലിൽ നാല് മാസം പ്രായമുള്ള കുട്ടിയുൾപ്പെടെ രണ്ട് പേരെങ്കിലും മരിച്ചുവെന്ന് സംസ്ഥാന, പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഒക്‌ലഹോമ നഗരമായ മാരിയറ്റയ്ക്ക് സമീപവും ഒരാൾ കൊല്ലപ്പെട്ടതായി സംസ്ഥാന അധികൃതർ അറിയിച്ചു.

ചുഴലിക്കാറ്റിനൊപ്പം ഒക്‌ലഹോമയിൽ കനത്ത മഴയും വെള്ളപ്പൊക്കവും സ്ഥിതി കൂടുതൽ ദുഷ്കരമാക്കി. പലയിടത്തും വെള്ളം കയറി.

4 killed in Tornado At Oklahoma