മരിച്ച ഭര്‍ത്താവിന്റെ ബീജത്തില്‍ നിന്ന് കുഞ്ഞിനെ വേണം, നിയമ പോരാട്ടത്തില്‍ വിജയിച്ച് 62കാരി

സിഡ്നി: മരിച്ച ഭര്‍ത്താവിന്റെ ബീജത്തില്‍ നിന്ന് കുഞ്ഞിനെ വേണമെന്ന ആഗ്രഹം നിറവേറ്റാന്‍ നിയമപോരാട്ടത്തിലേര്‍പ്പെട്ട 62 കാരിക്ക് അനുകൂല വിധി. ഇതോടെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 62 കാരിക്ക് ഭര്‍ത്താവിനൊപ്പം കണ്ട ആ വലിയ സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കാനാകും. ഭര്‍ത്താവിന്റെ മരണത്തിനു മുമ്പ് ഒരു കുഞ്ഞ് കൂടി വേണമെന്ന് ആലോചിച്ചിരുന്നതായി അവര്‍ ജഡ്ജിയെ ബോധ്യപ്പെടുത്തി.

2019 ല്‍ 31 വയസ്സുള്ള മകന്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ദമ്പതികള്‍ മറ്റൊരു കുട്ടിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയതെന്ന് ബുധനാഴ്ച പുറത്തുവിട്ട നിയമ രേഖകള്‍ പറയുന്നു. ആറ് വര്‍ഷം മുമ്പ്, അവരുടെ 29 വയസ്സുള്ള മകള്‍ മത്സ്യബന്ധന യാത്രയ്ക്കിടെയാണ് മുങ്ങിമരിച്ചത്.

ഈ ആഘാതകരമായ സംഭവത്തില്‍ നിന്നാണ് മറ്റൊരു കുഞ്ഞിനെക്കുറിച്ച് അവര്‍ ആലോചിച്ച് തുടങ്ങിയത്. 61 വയസ്സുള്ള ഭര്‍ത്താവിന്റെ ബീജം വാടക ഗര്‍ഭധാരണത്തിന് ഉപയോഗിക്കാമോ എന്ന് ദമ്പതികള്‍ അന്വേഷിക്കാന്‍ തുടങ്ങി. പക്ഷേ, ദൗര്‍ഭാഗ്യമെന്നോണം അപ്പോഴേക്കും അവരുടെ ഭര്‍ത്താവ് മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഭാര്യ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

എന്നാല്‍ നിയമപരമായ കാരണങ്ങളാല്‍ ആശുപത്രി ഇത് നിരസിച്ചു. തുടര്‍ന്നുള്ള നിയമപോരാട്ടം വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സുപ്രീം കോടതിയില്‍ അടിയന്തര ഉത്തരവ് തേടുന്നവരെ എത്തിച്ചു.

മരണശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രത്യുല്‍പാദന കോശങ്ങള്‍ ശേഖരിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ബീജം ശേഖരിച്ച് സൂക്ഷിക്കാമെന്ന് ജഡ്ജി ഫിയോണ സീവാര്‍ഡ് സമ്മതിച്ചെങ്കിലും ബീജസങ്കലനത്തിന് ഉപയോഗിക്കുന്നതിന് മുമ്പ് പ്രത്യേക കോടതി ഉത്തരവുകള്‍ ആവശ്യമാണ്.

More Stories from this section

family-dental
witywide