
ടെക്സസ്: അമേരിക്കയുടെ സാംസ്‌കാരികവും ആത്മീയവുമായ അന്തരീക്ഷത്തിലെ ഒരു പുതിയ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ടെക്സാസിലെ 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ. മൈലുകള്‍ക്ക് അകലെ നിന്നുപോലും ദൃശ്യമാകുന്ന ഹനുമാന്‍ പ്രതിമ യുഎസിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ ശില്‍പമാണ്.
ഹ്യൂസ്റ്റണിനടുത്ത് അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ മൂര്‍ത്തിയായാണ് ഇനി അറിയപ്പെടുക.
മാത്രമല്ല, ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമകളില്‍ ഒന്നാണ്. കൂടാതെ ടെക്‌സാസിലെ ഏറ്റവും ഉയരം കൂടിയതും ഇതുതന്നെ. ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും (151 അടി), ഫ്‌ലോറിഡയിലെ ഹാലന്‍ഡേല്‍ ബീച്ചിലെ പെഗാസസ് ആന്‍ഡ് ഡ്രാഗണും (110 അടി) കഴിഞ്ഞുള്ള സ്ഥാനമാണ് ഈ പ്രതിമയ്ക്കുള്ളത്.
ആഗസ്റ്റ് 15 മുതല്‍ 18 വരെ നടന്ന മഹാപ്രാണ പ്രതിഷ്ഠാ മഹോത്സവ ചടങ്ങിനിടെ ഷുഗര്‍ ലാന്‍ഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ‘നിസ്വാര്‍ത്ഥത, ഭക്തി, ഐക്യം എന്നിവയുടെ പ്രതീകമായാണ് ഹനുമാന്‍ മൂര്‍ത്തിയുടെ പ്രതിമയെന്നും രാമായണത്തില്‍ രാമനെയും സീതയേയും ഒന്നിപ്പിച്ചു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റി എന്നാണിതിന് പേരു നല്‍കിയിരിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
Prana pratishtha held today in Houston, Texas for this 90ft tall Hanuman murthi
— Journalist V (@OnTheNewsBeat) August 19, 2024
It is now the 3rd tallest statue in the United States pic.twitter.com/N7sNZaikBF
ആയിരക്കണക്കിന് ഭക്തര്‍ ഒരേ സ്വരത്തില്‍ ശ്രീരാമന്റെയും ഹനുമാന്റെയും നാമങ്ങള്‍ ജപിക്കുന്നതിനിടെ ഹെലികോപ്റ്ററിലാണ് പ്രതിമയില്‍ പുഷ്പവൃഷ്ടിനടത്തിയതും പുണ്യജലം തളിച്ചതും. 72 അടി നീളമുള്ള മാലയാണ് ഹനുമാന്‍ മൂര്‍ത്തിയുടെ കഴുത്തില്‍ ചാര്‍ത്തിയത്.