
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ സൗദി അറേബ്യയിലെ മക്കയില്‍ 13 മലയാളി ഹജ്ജ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 922 പേര്‍ മരിച്ചു. മരിച്ചവരില്‍ 68 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. മക്കയില്‍ തിങ്കളാഴ്ച 51.8 ഡിഗ്രി സെല്‍ഷ്യസും ചൊവ്വാഴ്ച 47 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്.
തീര്‍ഥാടകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വഖഫ്, ഹജ് തീര്‍ഥാടന മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 18,200 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോയതെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും അയച്ച കത്തില്‍ അബ്ദുറഹിമാന്‍ പറഞ്ഞു. സൗദി അറേബ്യയില്‍ തീര്‍ഥാടകര്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും വിവിധ മുതവ്വിഫുകളുടെ (ഹാജിമാരെ പരിപാലിക്കാന്‍ സൗദി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ പ്രതിനിധികള്‍) പ്രവര്‍ത്തനങ്ങളില്‍ അനാസ്ഥ ഉണ്ടായതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
ഹജ്ജിനിടെ മരിച്ചവരുടെ എണ്ണത്തെ കുറിച്ച് സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യ, ഈജിപ്ത്, ജോര്‍ദാന്‍, അള്‍ജീരിയ, ടുണീഷ്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഹജ്ജിനിടെ തങ്ങളുടെ പൗരന്മാര്‍ മരിച്ചതായുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.