‘ഞാൻ ജീവനോടെയുണ്ട്’; വ്യാജ മരണ വാർത്ത പ്രചരിപ്പിച്ചത് താൻ തന്നെയെന്ന് പൂനം പാണ്ഡെ, കാരണം ഇതാണ്

നടിയും മോഡലുമായ പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ചു മരണപ്പെട്ടുവെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഇന്നിതാ വാർത്തയിൽ മറ്റൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നു  താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പൂനം പാണ്ഡെ തന്നെ രംഗത്തെത്തി. സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം നടത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു പ്രചരണം നടത്തിയതെന്ന വാദവുമായാണ് പൂനം പാണ്ഡെ രംഗത്തെത്തിയിരിക്കുന്നത്.

സെർവിക്കൽ ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്താൻ പൂനം പാണ്ഡെ തരിഞ്ഞെടുത്ത വ്യത്യസ്തമായ സമീപനം വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

”എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കിയ ബഹളങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. ഞാന്‍ മൂലം വേദനിച്ച എല്ലാവരോടും മാപ്പ്. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഈ രോഗം പതിയെ കാര്‍ന്നു തിന്നുന്നതാണ്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്.പി.വി വാക്‌സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക,” പൂനം പറഞ്ഞു.