
മാർച്ച് 26 ന് കണ്ടെയ്നർ കപ്പൽ ഇടിച്ചു തകർന്ന മേരിലാൻഡിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൻ്റെ അവശേഷിക്കുന്ന ഏറ്റവും വലിയ ഭാഗം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ തീരുമാനം. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്ഫോടനം നടക്കും. അതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. പാലത്തിൻ്റെ അവശിഷ്ടങ്ങൾക്ക് ഉള്ളിലാണ് അപകടത്തിൽപ്പെട്ട ഡാലി എന്ന ചരക്കു കപ്പൽ കുടുങ്ങിക്കിടക്കുന്നത്. പാലത്തിന്റെ അവശിഷ്ടങ്ങൾ കുറേയേറെ നീക്കിയെങ്കിലും കപ്പൽ ഗതാഗതം പൂർണമായും പൂർവസ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല. താൽകാലിക കപ്പൽപാത തുറന്നിട്ടുണ്ട്. സിങ്കപ്പൂർ ആസ്ഥാനമായുള്ള കമ്പനിയുടേതാണ് കപ്പൽ. അതിലുള്ള 21 ജീവനക്കാരിൽ 20 പേരും ഇന്ത്യക്കാരാണ്. ഒരാൾ ശ്രീലങ്കക്കാരനും. അവർ ഇപ്പോഴും കപ്പലിനുള്ളിൽ തന്നെയാണ് കഴിയുന്നത്.
സ്‌ഫോടകവസ്തുക്കൾ പൊട്ടിക്കുന്ന സമയത്ത് ഡാലിയിലെ 21 ജീവനക്കാരും കപ്പലിൽ തന്നെയായിരിക്കും ഉണ്ടായിരിക്കുക. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും അവർ “നിശ്ചിത സുരക്ഷിത സ്ഥലത്ത്” അഭയം പ്രാപിക്കുമെന്ന് കപ്പൽ ക്രൂവിൻ്റെ വക്താവ് വില്യം മാർക്ക്സ് പറഞ്ഞു
പാലം പൊളിച്ചു മാറ്റിയാൽ ഡാലി കപ്പലിനെ വീണ്ടും ബാൾട്ടിമോർ തുറമുഖത്തേക്ക് തിരികെ കൊണ്ടുപോകാൻ സാധിക്കും. കപ്പൽ നീക്കം ചെയ്‌തുകഴിഞ്ഞാൽ, സമുദ്ര ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങും. അടച്ചുപൂട്ടൽ മൂലം ജോലി ചെയ്യാനാകാതെ കഷ്ടപ്പെട്ടിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്ക് അതോടെ വലിയ ആശ്വാസമാകും.












