
പറന്നുയര്‍ന്ന ഉടന്‍ പക്ഷിയെ ഇടിച്ച് വിമാനത്തിന് തീപിടിച്ചതിനെത്തുടര്‍ന്ന് ചൈനയിലേക്കുള്ള വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. റോമിലാണ് സംഭവം. ചൈനയിലെ ഹൈനാന്‍ എയര്‍ലൈന്‍സ് നടത്തുന്ന ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനം ഞായറാഴ്ച റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 9:55 ന് പറന്നുയര്‍ന്നു. തൊട്ടുപിന്നാലെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിക്കുകയായിരുന്നു.
249 യാത്രക്കാരും 16 ജീവനക്കാരുമായി ചൈനീസ് നഗരമായ ഷെന്‍ഷെനിലേക്ക് പുറപ്പെട്ട വിമാനം കടലില്‍ ഇന്ധനം ഒഴുക്കിക്കളഞ്ഞ് സുരക്ഷയുറപ്പാക്കി തിരികെയെത്തുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ പക്ഷി ഇടിക്കുന്നത് സാധാരണമാണെന്നും വിമാനത്തിന്റെ സുരക്ഷയ്ക്ക് കാര്യമായ ഭീഷണിയായിരിക്കുമിതെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Hainan Airlines right now FCO ✈️ pic.twitter.com/MBmOKgaEuO
— 🅼🅰🆁🅲🅾 © 💭 🐺 (@JOOP99999) November 10, 2024
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍, വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വിമാനത്തിന്റെ ദൃശ്യങ്ങളുണ്ട്. മുമ്പ് വിമാനത്തിന്റെ വലതുവശത്ത് എഞ്ചിനില്‍ നിന്നും തീജ്വാലകള്‍ ഉയരുന്നത് ദൃശ്യങ്ങളിലുണ്ട്.