
സജീവ രാഷ്ട്രീയത്തിൽ എത്തും മുമ്പ്, ഡോണൾഡ് ട്രംപ് ദശലക്ഷക്കണക്കിന് ഡോളർ ആസ്തിയുള്ള ഒരു വലിയ റിയൽഎസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു. ട്രംപ് എന്ന ബ്രാൻഡും – ആ പേരും യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പര്യായമാണ് ഇപ്പോൾ. ട്രംപിൻ്റെ വ്യവസായ സാമ്രാജ്യത്തിലെ മാത്രമല്ല, കുടുംബത്തിലെ ചിലരും അമേരിക്കൻ രാഷ്ട്രീയത്തിലെയും റിപ്പബ്ളിക്കൻ പാർട്ടിയിലേയയും നിർണായ ശബ്ദങ്ങളാണ്. ഏറ്റവും പ്രമുഖരായ ചില അംഗങ്ങൾ ഇതാ.

ഡോണൾഡ് ട്രംപ് ജൂനിയർ
ട്രംപിൻ്റെ മക്കളിൽ മൂത്തയാളാണ് ഡോണൾഡ് ട്രംപ് ജൂനിയർ. ഡോണൾഡ് ട്രംപിൻ്റേയും ആദ്യ ഭാര്യ പരേതയായ ഇവാന ട്രംപിൻ്റേയും മകൻ. ട്രംപ് വൈറ്റ്ഹൈസിൽ നിന്ന് പടിയിറങ്ങിയ ശേഷം ട്രംപിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ട്രംപ് ജൂനിയർ. ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. ഒഹായോ സെനറ്റർ ജെ ഡി വാൻസ് ട്രംപ് ജൂനിയറിൻ്റെ സുഹൃത്തായിരുന്നു. അത് രഹസ്യമായ കാര്യമല്ല. റിപ്പബ്ളിക്കൻ കൺവൻഷനിൽ അത് ഇയാൾ തുറന്നു പറഞ്ഞിരുന്നു.
ഡോണൾഡ് ട്രംപ് ജൂനിയർ മുമ്പ് വനേസ ട്രംപിനെ വിവാഹം കഴിച്ചിരുന്നു, ആ ബന്ധത്തിൽ അയാൾക്ക് അഞ്ച് കുട്ടികളുണ്ട്. വനേസയുമായി വിവാഹമോചിതനായ അയാൾ ഇപ്പോൾ കിംബർലി ഗിൽഫോയിലുമായി വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു.

എറിക് ട്രംപ്
ട്രംപിൻ്റെ മക്കളിൽ മൂന്നാമനാണ് എറിക് ട്രംപ്. ഡോണൾഡ് ട്രംപിൻ്റേയും ആദ്യ ഭാര്യ പരേതയായ ഇവാന ട്രംപിൻ്റേയും മകൻ. അദ്ദേഹത്തിൻ്റെ സഹോദരനെപ്പോലെ തന്നെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പിതാവ് ട്രംപിനൊപ്പം ഉറച്ചു നിൽക്കുന്ന വ്യക്തി. പൊതു മണ്ഡലത്തിൽ ഇയാളുടെ സാന്നിധ്യം കുറവാണെങ്കിലും ട്രംപ് കുടുംബ ബിസിനസിൽ മുൻനിര സാന്നിധ്യമാണ്.

ഇവാങ്ക ട്രംപും ജാരഡ് കുഷ്‌നറും
വൈറ്റ് ഹൗസിൽ ട്രംപ് ആദ്യമായി എത്തിയപ്പോൾ ഏറ്റവും സ്വാധീനിച്ച കുടുംബാംഗങ്ങളായിരുന്നു ഇവാങ്ക ട്രംപും ഭർത്താവ് ജാരെഡ് കുഷ്‌നറും. ട്രംപിന്റെ മക്കളിൽ രണ്ടാമത്തെയാളാണ് ഇവാൻക. 2009 വിവാഹിതരായ ഇവാൻകയ്ക്ക് മൂന്ന് കുട്ടികളുണ്ട്. അരബെല്ല, ജോസഫ്, തിയോഡോർ.
ട്രംപ് അധികാരത്തിലിരുന്ന കാലത്ത് ഇവാങ്ക തൻ്റെ പിതാവിനും അദ്ദേഹത്തിൻ്റെ ഭരണകൂടത്തിനും വേണ്ടി നിരവധി തവണ രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ഇവാൻക. 2017 മുതൽ 2021 വരെ വൈറ്റ് ഹൗസിൽ മുതിർന്ന ഉപദേശകൻ്റെ റോളിൽ ആയിരുന്നു കുഷ്‌നർ.

ടിഫാനി ട്രംപ്
മുൻ പ്രസിഡൻ്റിൻ്റെ നാലാമത്തെ കുട്ടിയാണ് ടിഫാനി. ട്രംപിൻ്റെ രണ്ടാമത്തെ ഭാര്യ മാർല മാപ്പിൾസിൽ ജനിച്ച ഏക മകൾ. പിതാവിൻ്റെ പ്രചാരണങ്ങളിലോ വൈറ്റ് ഹൗസിലെ സമയങ്ങളിലോ അവർ ഒരു രാഷ്ട്രീയ പങ്കും വഹിച്ചിട്ടില്ല. 2022 ൽ അവൾ മൈക്കൽ ബൗലോസിനെ വിവാഹം കഴിച്ചു.

കിംബർലി ഗിൽഫോ
കിംബർലി ഗിൽഫോയ്ലും ഡൊണാൾഡ് ട്രംപ് ജൂനിയറും ആറ് വർഷമായി ഒരുമിച്ചാണ്, 2020ൽ വിവാഹനിശ്ചയം നടത്തി. 2006 മുതൽ 2018 വരെ ഫോക്സ് ന്യൂസ് അവതാരകയായിരുന്നു കിംബർലി, ട്രംപ് അനുകൂല പിഎസി (പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) അംഗമാണ്. ട്രംപിനായി വോട്ടു ചോദിച്ചുകൊണ്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 2000-കളുടെ തുടക്കത്തിൽ അവർ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിൻ്റെ ഭാര്യയായിരുന്നു.

ലാറാ ട്രംപ്
ട്രംപിനെ മകൻ എറിക്കിനെ വിവാഹം കഴിച്ച ലാറ കുടുംബത്തിലെ വളർന്നുവരുന്ന താരമാണ്. ഈ വർഷം ആദ്യം മുതൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി കോ-ചെയർ ആയി പ്രവർത്തിക്കുന്നു. റിപ്പബ്ളിക്കൻ നാഷനൽ കൺവൻഷനിലെ ഇവരുടെ പ്രസംഗം ശ്രദ്ധേയമായിരുന്നു. ട്രംപിൻ്റെ പ്രചാരണ വേദികളിൽ സജീവമായി ഇടപെടുന്നു. മുൻ ടെലിവിഷൻ പ്രൊഡ്യൂസറായിരുന്നു ലാറ. എറിക്കിനും ലാറക്കും 2 മക്കൾ. എറിക് , കരോലിന

മെലാനിയ ട്രംപ്
2005 മുതൽ ട്രംപിൻ്റെ ഭാര്യ. മുൻ മോഡലായിരുന്നു. ട്രംപിൻ്റെ ഭരണകാലത്ത് അവർ പ്രഥമ വനിത എന്ന നിലയിൽ വളരെ കുറച്ച് പൊതുപരിപാടികളിലെ പങ്കെടുത്തിട്ടുള്ളു. ഇത്തവണ ട്രംപ് ക്യാംപെയിനിൽ വളരെ കുറച്ചു അവസരങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളു. ഒക്ടോബറിൽ പുറത്തിറക്കിയ ഒരു ഓർമ്മക്കുറിപ്പിൽ, ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള തൻ്റെ അനുകൂല നിലപാട് അവർ പങ്കുവെച്ചു. ട്രംപിൻ്റെ നിലപാടിനെ എതിർക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. 18 കാരനായ ബാരൺ ട്രംപ് ഏക മകനാണ്.

ബാരൺ ട്രംപ്
ട്രംപിൻ്റെ ഏറ്റവും ഇളയ മകൻ . 18 വയസ്സ്. ബാരൺ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറി നിൽക്കുകയാണ്. റിപ്പബ്ളിക്കൻ കൺവെൻഷനിൽ പങ്കെടുക്കുന്ന ഫ്ലോറിഡ സ്റ്റേറ്റിൽ നിന്നുള്ള പ്രതിനിധികളിൽ അദ്ദേഹവും ഉണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ ഒരു ദിവസത്തിന് ശേഷം അതുണ്ടാവില്ല എന്ന് ബാരൻ്റെ അമ്മ മെലാനിയ അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ഓക്സ്ബ്രിഡ്ജ് അക്കാദമിയിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി. ഇപ്പോൾ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ പഠിക്കുകയാണ്.

കയ് ട്രംപ്
ട്രംപിൻ്റെ ഏറ്റവും മൂത്ത പേരക്കുട്ടി. 17 വയസ്സ്. ഡൊണാൾഡ് ട്രംപ് ജൂനിയറിൻ്റെയും മുൻ ഭാര്യ വനേസ ട്രംപിൻ്റെയും അഞ്ചുമക്കളിൽ മൂത്തവൾ. മികച്ച ഗോൾഫ് കളിക്കാരിയാണ് കയ്. ഒരു മുത്തച്ഛൻ എന്ന നിലയിൽ ട്രംപ് എങ്ങനെയുള്ളയാളാണ് എന്ന് കയ് റിപ്പബ്ളിക്കൻ കൺവൻഷനിൽ സംസാരിച്ചിരുന്നു.
“എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു സാധാരണ മുത്തച്ഛൻ മാത്രമാണ്. ഞങ്ങളുടെ മാതാപിതാക്കൾ അറിയാതെ , ഞങ്ങൾക്ക് ഇഷ്ടംപോലെ മിഠായിയും സോഡയും നൽകുന്ന മുത്തച്ഛൻ… അവൾ ട്രംപിനെ അനുസ്മരിച്ചത് ഇങ്ങനെയാണ്.
A guide to Donald Trump Family