
ന്യൂയോര്‍ക്ക്: ടെക്സാസില്‍ അഞ്ചോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ആര്യന്‍ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യക്കാര്‍ക്ക് ദുരന്തം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചതെങ്കിലും വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.
ഒരു കാര്‍പൂളിംഗ് ആപ്പ് വഴി കണക്റ്റുചെയ്ത് ഒന്നിച്ച് യാത്രചെയ്തവരാണ് അപകടത്തിനിരയായത്. അതിനാല്‍ത്തന്നെ ഇത് അവരെ തിരിച്ചറിയാന്‍ അധികാരികളെ സഹായിച്ചു.
ഡാളസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഒരമ്പട്ടിയും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാന്‍ ബെന്റണ്‍വില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചര്‍ല. ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി യുഎസില്‍ ജോലി ചെയ്തിരുന്ന ദര്‍ശിനി വാസുദേവന്‍ ബെന്റണ്‍വില്ലിലുള്ള അമ്മാവനെ കാണാന്‍ പോവുകയായിരുന്നു.

അമിത വേഗത്തിലെത്തിയ ട്രെക്ക് ഇവരുടെ വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയില്‍ തീപിടിക്കുകയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. മൃതദേഹങ്ങള്‍ ആരുടേതെന്ന് സ്ഥിരീകരിച്ചത് ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു.
മാക്‌സ് അഗ്രി ജനറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഉടമയാണ് ആര്യന്‍ രഘുനാഥിന്റെ പിതാവ്. ഇയാളുടെ സുഹൃത്ത് ഫാറൂഖ് ഷെയ്ഖും ഹൈദരാബാദ് സ്വദേശിയാണ്. തമിഴ്നാട് സ്വദേശിയായ ദര്‍ശിനി ടെക്സാസിലായിരുന്നു താമസം. ദര്‍ശിനിയുടെ പിതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ മൂന്ന് ദിവസം മുമ്പ് ട്വിറ്റര്‍ പോസ്റ്റില്‍ ടാഗ് ചെയ്യുകയും മകളെ കണ്ടെത്താന്‍ സഹായം തേടുകയും ചെയ്തിരുന്നു.