
ന്യൂഡല്‍ഹി: കാനഡയില്‍ ഭാര്യയെ കുത്തിക്കൊന്ന പഞ്ചാബ് സ്വദേശി അറസ്റ്റില്‍. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. 41 കാരിയായ ബല്‍വീന്ദര്‍ കൗറിനെയാണ് ഭര്‍ത്താവ് ജഗ്പ്രീത് സിംഗ് കുത്തിക്കൊലപ്പെടുത്തിയത്.
ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോര്‍ഡിലെ വീട്ടില്‍വെച്ചാണ് അതിദാരുണമായി സംഭവം ഉണ്ടായത്. മാര്‍ച്ച് 15ന് വൈകിട്ടാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ പൊലീസ് ബല്‍വീന്ദര്‍ കൗറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് അന്നു രാത്രി തന്നെ ജഗ്പ്രീത് സിംഗ് അറസ്റ്റിലാകുകയും ചെയ്തു.
ഭാര്യയെ മാരകമായി മുറിവേല്‍പ്പിച്ച ജഗ്പ്രീത് സിംഗ് ലുധിയാനയിലെ വീട്ടിലേക്ക് തന്റെ അമ്മയെ വീഡിയോ കോള്‍ ചെയ്യുകയും ഭാര്യയെ ഞാന്‍ എന്നെന്നേക്കുമായി ഉറക്കിയെന്നു പറഞ്ഞതായും ബല്‍വീന്ദര്‍ കൗറിന്റെ സഹോദരി ഇന്ത്യന്‍ എക്സ്പ്രസിനോട് വെളിപ്പെടുത്തി.
2000 ല്‍ വിവാഹിതരായ ബല്‍വീന്ദര്‍ – ജഗ്പ്രീത് ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. കാനഡയില്‍ പഠിക്കുന്ന മകള്‍ക്കൊപ്പമാണ് ബല്‍വീന്ദര്‍ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ജഗ്പ്രീത് കാനഡയില്‍ എത്തി കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ജഗ്പ്രീതിന് ജോലി ഇല്ലാതിരുന്നതിനാല്‍ ദമ്പതികള്‍ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി തര്‍ക്കം പതിവായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ജഗ്പ്രീതിന്റെ കുടുംബം ആരോപണങ്ങള്‍ നിഷേധിക്കുകയും അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് വാദിക്കുന്നത്. സംഭവത്തിന് ശേഷം തന്റെ സഹോദരന്‍ ഞങ്ങളുടെ അമ്മയെ വിളിച്ച് ഭാര്യയെ അബദ്ധത്തില്‍ മുറിവേല്‍പിച്ചെന്നും ഒന്നും മനപ്പൂര്‍വ്വമല്ലെന്നും മാപ്പ് ചോദിച്ചുവെന്നുമാണ് ജഗ്പ്രീതിന്റെ സഹോദരന്‍ പറയുന്നത്. രാത്രി ദമ്പതികള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നുവെന്നും മകള്‍ പുറത്തുപോയിരുന്നതിനാല്‍ അവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജഗ്പ്രീതിന്റെ സഹോദരന്‍ വ്യക്തമാക്കി.
A Punjab man stabbed his wife to death in Canada and made a video call to his mother