
ന്യൂയോര്‍ക്ക്: ലഗേജുകള്‍ സൂക്ഷിച്ചിരിക്കുന്ന വിമാനത്തിന്റെ ഓവര്‍ഹെഡ് കമ്പാര്‍ട്ടുമെന്റില്‍ ഉറങ്ങുന്ന ഒരു സ്ത്രീയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം നടന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിക് ടോക്കിലാണ് ഈ വീഡിയോ ആദ്യം എത്തിയത്. വീഡിയോയ്ക്ക് അഞ്ച് ദശലക്ഷത്തിലധികം കാഴ്ചക്കാരുമുണ്ട്. പിന്നീടിത് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. വീഡിയോ റെക്കോര്‍ഡ് ചെയ്ത ആളുകള്‍ ഈ വിചിത്രമായ കാഴ്ചകണ്ട് ചിരിക്കുകയും മറ്റ് ചിലര്‍ അത്ഭുതപ്പെടുകയും ചെയ്തു. കാരണം കട്ടിലില്‍ എന്നപോലെയാണ് ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്ത് സുഖമായി സത്രീ കിടന്നുറങ്ങുന്നത്. ഇവര്‍ ക്രൂ അംഗമാണോ യാത്രക്കാരിയാണോ എന്നത് സംബന്ധിച്ച് ആര്‍ക്കും അറിവില്ല. അതീവസുരക്ഷിതത്വമുള്ള വിമാനത്തില്‍ ലഗേജ് സൂക്ഷിക്കുന്ന ഇടത്ത് അവര്‍ എങ്ങനെ കയറിക്കൂടിയെന്നാണ് മിക്കവരുടേയും ചോദ്യം. വീഡിയോയോട് എയര്‍ലൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍, ഇത്തരമൊരു സംഭവം ഇതാദ്യമല്ല. 2023ല്‍ സ്പെയിനിലെ ഇബിസയിലേക്കുള്ള യാത്രാമധ്യേ റയാന്‍എയര്‍ വിമാനത്തില്‍ ഒരു യാത്രക്കാരന് ഓവര്‍ഹെഡ് സ്റ്റോറേജ് ബിന്നില്‍ ഉറങ്ങുന്നതായി കണ്ടെത്തിയിരുന്നു. 2019 ലും സമാന സംഭവമുണ്ടായിട്ടുണ്ട്.