
അല്‍പ സമയത്തിനുള്ളില്‍ നേര്‍ക്കുനേര്‍ പോരിന് കാത്തിരിക്കുന്ന ടി20 ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് പരാജയത്തിന്റെ കയ്പ്പ് സമ്മാനിക്കുമോ? ഇന്ത്യ കപ്പേന്തുന്നത് കാണാന്‍ കൊതിക്കുന്ന ഹൃദയങ്ങളെ വേദനിപ്പിക്കുന്ന പ്രവചനം നടത്തിയത് മറ്റാരുമല്ല, ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സാണ്.
ബാര്‍ബഡോസില്‍ ഇന്ന് നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്ന് തങ്ങളുടെ ആദ്യ ലോകകപ്പ് ഉയര്‍ത്തുമെന്നാണ് എബി ഡിവില്ലിയേഴ്‌സിന്റെ പ്രവചനം. ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെ തുടരുന്ന ദക്ഷിണാഫ്രിക്ക സെമിയില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്താണ് തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലിലെത്തിയത്.
എബി ഡിവില്ലിയേഴ്സ് പൂര്‍ണ പിന്തുണയും വിജയാശംസയും നേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ കളിക്കളത്തിലേക്ക് അയയ്ക്കുന്നത്. ഫൈനലിന് മുന്നോടിയായി, ഡിവില്ലിയേഴ്‌സ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ടീമിന് സത്യത്തിന്റെ നിമിഷം എത്തിയെന്ന് പറഞ്ഞു. ഇന്ത്യയ്ക്കെതിരെ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക്, മുന്‍ ക്യാപ്റ്റന്റെ പിന്തുണയും അറിയിച്ചു.
My heart says South Africa will win! The Proteas have the perfect combination to make history. India’s top-class players will make it an epic final. Play responsibly, predict your winner on @Wolf7Pay, and enjoy the final! #CricketFinal #Predict #SouthAfrica #India #Wolf7Pay… pic.twitter.com/V8IQvLmko9
— AB de Villiers (@ABdeVilliers17) June 28, 2024
2024ലെ ടി20 ലോകകപ്പില്‍ ഇതുവരെയുള്ള മികച്ച റെക്കോര്‍ഡ് ദക്ഷിണാഫ്രിക്ക നിലനിര്‍ത്തിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ ന്യൂയോര്‍ക്ക് പിച്ചില്‍ ശ്രീലങ്കയ്ക്കെതിരെ മികച്ച വിജയത്തോടെ അവര്‍ തങ്ങളുടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നെതര്‍ലാന്‍ഡ്സിനും ബംഗ്ലാദേശിനുമെതിരെ രണ്ട് അടുത്ത മത്സരങ്ങള്‍. നേപ്പാളിനെ കഷ്ടിച്ച് തോല്‍പ്പിച്ചാണ് അവര്‍ സൂപ്പര്‍ 8ലെത്തിയത്. സൂപ്പര്‍ 8 ഘട്ടത്തില്‍, യുഎസ്എ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് 2-ല്‍ ഒന്നാമതെത്തി, സെമി ഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. സെമിയില്‍ അഫ്ഗാനിസ്ഥാനെയും 9 വിക്കറ്റിന് തുരത്തി ഇതാ ഇന്ത്യയെ നേരിടാന്‍ കാത്തിരിക്കുകയാണ്.