
വാഷിംഗ്ടണ്‍: അമേരിക്കൻ സിവിൽ വാർ സമയത്തു പോലും കൂളായിരുന്ന ഏബ്രഹാം ലിങ്കന് ഇപ്പോഴത്തെ കൊടും ചൂട് താങ്ങാനാവുന്നില്ല. ഉഷ്ണതരംഗത്തിൽ വാഷിംഗ്ടണ്‍ ഡി.സിയില്‍ സ്ഥാപിച്ചിരുന്ന പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുകു പ്രതിമ ഉരുകിയൊലിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം യുഎസിലാകെ താപനില പതിവിലും കൂടിയിട്ടുണ്ട്. പലയിടത്തും ഉഷ്ണ തരംഗ മുന്നറിയിപ്പുമുണ്ട്. എന്തായാലും കൊടും ചൂടിൽ ലിങ്കൺ പ്രതിമയുടെ തലയാണ് ആദ്യം പോയത്. പിന്നീട് കാൽ ഉരുകിയൊലിച്ചിറങ്ങി, കാൽപാദം വലിയ ഒരു മെഴുകുകുമിളയായി മാറി. പിന്നീട് കസേരയടക്കം ഉരുകി നിലത്തു വീണു.
വാഷിംഗ്ടൺ ഡിസിയിലെ ക്യാംപ് ബാർക്കറിലെ ലിങ്കൺ മെമ്മോറിയലിലായിരുന്നു പ്രതിമ സ്ഥാപിച്ചിരുന്നത്. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്തെ അഭയാർഥി ക്യാംപായിരുന്നു ഇവിടം. ഇപ്പോൾ ഗാരിസണ്‍ എലിമെൻ്ററി സ്കൂളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

വെര്‍ജീനിയയിൽ നിന്നുള്ള ആര്‍ട്ടിസ്റ്റ് സാന്‍ഡി വില്യംസ് നാലാമനാണ് ‘ദ് വാക്‌സ് മോണ്യുമെൻ്റ് സീരീസിന്റെ’ ഭാഗമായി എലിമെന്ററി സ്‌കൂളിന് പുറത്ത് ഈ പ്രതിമ സ്ഥാപിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മെഴുക് പ്രതിമ ഇവിടെ സ്ഥാപിച്ചത്. പ്രതിമ മാത്രമായല്ല, 100 കണക്കിന് തിരികളുള്ള ഒരു വലിയ മെഴുകുതിരി കൂട്ടമായാണ് ഈ ആർട്ട് ഇൻസ്റ്റലേഷൻ രൂപ കൽപന ചെയ്തിരുന്നത്. ഉദ്ഘാടനത്തിന് മുമ്പ് ഈ തിരികളെല്ലാം കത്തിച്ചതിനെ തുടർന്ന് അന്ന് തന്നെ പ്രതിമ ഉരുകി. തുടർന്ന് ഫെബ്രുവരിയിൽ പ്രതിമ വീണ്ടും സ്ഥാപിച്ചു . ഇത്തവണ തിരികളുടെ എണ്ണം കുറച്ചു. അതിന് ചുവടെയുള്ള ഒരു ഫലകത്തില്‍ ‘ദയവായി 1-2 മിനിറ്റിനുള്ളില്‍ നിങ്ങളുടെ തിരി കെടുത്തുക എന്ന് എഴുതിയിട്ടുണ്ട്. ആർട് ഇൻസ്റ്റലേഷൻ വെബ്‌സൈറ്റ് അനുസരിച്ച് ‘സിവിൽ വാർ കലത്ത് അഭയാർഥി ക്യാംപുകളുണ്ടായിരുന്ന വാഷിങ്ടൺ ഡിസിയുടെ ചരിത്രത്തെ രേഖപ്പെടുത്തുന്ന ഇടം’.എന്നാണ് വിശേഷിച്ചിപ്പിച്ചിരിക്കുന്നത്. പ്രതിമ പുനസ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
Abraham Lincoln wax sculpture at Washington melts in heat Wave















