
ന്യൂയോര്‍ക്ക് : ലോങ്ങ് ഐലന്‍ഡിലെ മുന്‍നിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെന്റര്‍ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എന്‍ഡോഴ്സ് ചെയ്തിരിക്കുന്നത്.
ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതല്‍ 2018 വരെയുള്ള പത്തു വര്‍ഷം ഫോമായുടെ ഓഡിറ്റര്‍ ആയിരുന്നു അദ്ദേഹം.
കേരളാ സെന്ററിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീര്‍ഘകാലമായി സേവനം ചെയ്യുന്നു. സേവന മനസ്ഥിതിയുള്ള ഫിലിപ്പ് ഫോമായ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെന്റര്‍ അദ്ദേഹത്തെ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണല്‍ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതല്‍ക്കൂട്ടാക്കണം എന്ന് കേരളാ സെന്റര്‍ പ്രസിഡന്റ് അലക്സ് എസ്തപ്പാന്‍ അഭ്യര്‍ത്ഥിച്ചു.
ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ദീര്‍ഘ കാല സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടില്‍ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു.
ഫോമായില്‍ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകള്‍ മുന്‍പോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത് അതിന്റെ ഗുണഗണങ്ങള്‍ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക് അത്യാവശ്യമാണ്. അതിനാല്‍ ഫോമായുടെ നല്ല ഭാവിയെ മുന്‍ നിര്‍ത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.