
പുതുപ്പള്ളി: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഏപ്രില്‍ ആറാം തീയതി യുഡിഎഫിനായി അച്ചു ഉമ്മൻ പ്രചാരണത്തിനെത്തും. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണി ബാല്യകാല സുഹൃത്തായതിനാല്‍ അച്ചു ഉമ്മന്‍ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് ഈ വാർത്തകൾ തള്ളി അച്ചു ഉമ്മൻ തന്നെ രംഗത്തെത്തിയത്. പത്തനംതിട്ടയിലെ പ്രചാരണത്തിന് എത്തുന്നതിന്റെ പോസ്റ്റർ അച്ചു തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ഏപ്രില്‍ ആറാം തീയതി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായി പ്രചാരണത്തിനിറങ്ങും. പാര്‍ട്ടി തീരുമാനിക്കുന്നതിനനുസരിച്ച് പറ്റാവുന്നയിടങ്ങളിലെല്ലാം പ്രചാരണത്തിന് പോകും. ഒരു വിധത്തിലും മറ്റൊരു നിലപാട് എടുത്തിരുന്നില്ലെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് പ്രചരിച്ചതെന്ന് അറിയില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്ന എ കെ ആന്റണിയും ഉമ്മൻചാണ്ടിയും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇവരുടെ മക്കളായ അച്ചു ഉമ്മനും അനിൽ ആന്റണിയും ബാല്യകാല സുഹൃത്തുക്കളായതിനാൽ പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞതായാണ് റിപ്പോർട്ട് വന്നത്.