
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി നടന്‍ ബൈജു സന്തോഷ്. നടനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാര്‍, സ്‌കൂട്ടറിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്. തുടര്‍ന്ന് നടനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെയാണ് സംഭവം. രാത്രിയില്‍ കവടിയാറില്‍ നിന്നും വെള്ളയമ്പലം മാനവിയം ഭാഗത്തേക്കാണ് ബൈജു കാറോടിച്ചു വന്നത്. അതിനിടെ റോഡില്‍ ഉണ്ടായിരുന്ന ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ ബൈജുവിന്റെ കാര്‍ ഇടിച്ചിരുന്നു. സംഭവത്തില്‍ യാത്രക്കാരന് വലിയ പരിക്കില്ല. എന്നാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ രണ്ട് വൈദ്യുത പോസ്റ്റുകളിലും വാഹനം ഇടിച്ചിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാറിനു തകരാറ് സംഭവിക്കുകയും കാര്‍ മുന്നോട്ട് എടുക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. ആ സമയത്ത് മ്യൂസിയം പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം നടന്‍ അമിതമായി മദ്യപിച്ചിട്ടുണ്ട് എന്ന് വ്യക്തമായതിന് പിന്നാലെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ രക്ത സാമ്പിളുകള്‍ അടക്കം എടുത്തുള്ള പരിശോധനയ്ക്ക് നടന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.















