
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ മേഖലയിലെ പുരുഷമേധാവിത്വത്തെ കുറിച്ചും അനീതികളെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമാകുകയാണ്. സിനിമയിൽ മാഫിയയുണ്ടെന്നും പവർഗ്രൂപ്പ് ഉണ്ടെന്നുമുള്ള അന്തരിച്ച നടൻ തിലകന്റെ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം വിലക്ക് നേരിട്ടതിനെക്കുറിച്ചും അദ്ദേഹത്തെ സിനിമയിൽ നിന്നും ഇല്ലാതാക്കൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും തിലകൻ തന്നെ പറഞ്ഞ അനുഭവങ്ങൾ ഓർത്തെടുത്ത് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും നാടകപ്രവർത്തകനുമായ അമ്പലപ്പുഴ രാധാകൃഷ്ണൻ.
തിലകനെ സിനിമയിൽ നിന്നും ഇല്ലായ്മ ചെയ്യാൻ കൂളിംഗ് ഗ്ലാസ് ഇടയ്ക്കിടെ മാറ്റുന്ന നടനും കൂട്ടുനിന്നുവെന്നാണ് അമ്പലപ്പുഴ രാധാകൃഷ്ണൻ പറയുന്നത്. ഇത്തരം നീക്കങ്ങൾക്കെല്ലാം സൂത്രധരനായത് സംവിധായകനും ഫെഫ്ക ചെയർമാനുമായ ബി. ഉണ്ണികൃഷ്ണനാണെന്നും അമ്പലപ്പുഴ രാധാകൃഷ്ണൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
‘‘തിലകൻ എപ്പോഴും പറയുന്ന ഒരു പേര് ഇടവേള ബാബുവിന്റേതാണ്. ‘അവന് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു’ എന്ന് പരിഹസിക്കുമായിരുന്നു. കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറയുക. കൂളിംഗ് ഗ്ലാസ് സിനിമയിൽ ഉപയോഗിക്കുന്ന നടൻ ആരാണെന്ന് എല്ലാവർക്കും അറിയാം. മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാൻ വിലക്ക് കല്പിച്ചവർ തന്നെ ക്ഷണിച്ചു. ഉസ്താദ് ഹോട്ടൽ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചു.’’- അമ്പലപ്പുഴ രാധാകൃഷ്ണൻ പറഞ്ഞു. ആ നടൻ മമ്മൂട്ടിയാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അതെയെന്നും അദ്ദേഹം മറുപടി പറഞ്ഞു.
“മലയാള സിനിമയിൽ താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ്. അദ്ദേഹം ആദ്യം മുതലേ വിരൽ ചൂണ്ടുന്ന ഒരു വ്യക്തി ഉണ്ട്. അയാൾ അഴിഎണ്ണും എന്ന് തിലകൻ അന്നേ പറഞ്ഞു. അയാൾ അഴി എണ്ണി. അത് ആ വലിയ മനുഷ്യന് കാണാൻ സാധിച്ചില്ലെന്ന് മാത്രം മോഹൻലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു. മോഹൻലാലിന് എന്ത് പറ്റി എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ലാൽ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷം വന്നു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത് വിനയന്റെ സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു.”