
ഓപ്പണ്‍ എ.ഐയുടെ ചാറ്റ്ജിപിടി 4o ചാറ്റ്‌ബോട്ടിന് ശബ്ദം നല്‍കാനുള്ള ഓപ്പണ്‍ എഐയുടെ അഭ്യര്‍ത്ഥന താന്‍ നിരസിച്ചെന്നും, പക്ഷേ ഇപ്പോള്‍ ChatGPT ക്ക് തന്റെ ശബ്ദമാണെന്നും ആരോപിച്ച് നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ രംഗത്ത്.
GPT-4o ചാറ്റ്ബോട്ടിലെ പുതിയ ശബ്ദങ്ങളിലൊന്നായ സ്‌കൈയുടെ ശബ്ദം പിന്‍വലിക്കാന്‍ നടിയുടെ അഭിഭാഷകര്‍ കമ്പനിയോട് ആവശ്യപ്പെട്ടതായി ജോഹാന്‍സണ്‍ വിശദമായ പ്രസ്താവനയില്‍ പറഞ്ഞു.
‘കഴിഞ്ഞ സെപ്റ്റംബറില്‍, നിലവിലെ ChatGPT 4.0 സിസ്റ്റത്തിന് ശബ്ദം നല്‍കാന്‍ കമ്പനിയില്‍ നിന്നും ഓഫര്‍ ലഭിച്ചുവെന്നും എന്നാല്‍ പിന്നീട് താനത് നിരസിച്ചുവെന്നും താരം പറയുന്നു. വളരെ ആലോചിച്ച ശേഷം വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ഓഫര്‍ നിരസിച്ചതെന്നും അവര്‍ പറഞ്ഞു. എന്നാലിപ്പോള്‍ ‘സ്‌കൈ’ എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ സംവിധാനത്തിന്റെ ശബ്ദം തന്റേതിന് സമാനമാണെന്ന് സുഹൃത്തുക്കളും കുടുംബത്തിലുള്ളവരും ശ്രദ്ധിച്ചുവെന്നും തന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അവര്‍ ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍ തന്റെ ഞെട്ടലും രോഷവും രേഖപ്പെടുത്തിയത്.
നിയമനടപടിയിലേക്ക് നീങ്ങിയ താരം ചാറ്റ് ജിപിടി 4ഒയുടെ സ്‌കൈ എന്ന ശബ്ദം ഏത് രീതിയിലാണ് നിര്‍മിച്ചെടുത്തത് എന്ന് വിശദമാക്കാന്‍ അഭിഭാഷകര്‍ മുഖേന ഓപ്പണ്‍ എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.