
കണ്ണൂര്‍: യാത്ര അയപ്പു സമ്മേളനത്തനിടെ പഞ്ചായത്ത് പ്രസിഡന്റ് അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പത്തനംതിട്ടയില്‍ നിന്നെത്തിയ ബന്ധുക്കളാണ് ഇന്ന് പുലര്‍ച്ചെ 12.40 ന് മൃതദേഹം ഏറ്റുവാങ്ങിയത്.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇന്‍പശേഖരന്‍, മുന്‍ എംഎല്‍എമാരായ എംവി ജയരാജന്‍, ടിവി രാജേഷ്, സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇന്‍ ചാര്‍ജ് ശ്രുതി കെ വി, സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹത്തെ കണ്ണൂര്‍ റവന്യു വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു.
അതേസമയം, നവീന്റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഇന്ന് സംസ്ഥാന വ്യാപകമായി റവന്യൂ ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കും.
നവീനെതിരെ ആരോപണം ഉന്നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.