നവീൻ ബാബുവിന്റെ മരണത്തിൽ 65 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം, ദിവ്യക്ക് നോട്ടീസ് അയച്ച് കോടതി; വിവാദ പോസ്റ്റുമായി ദിവ്യ!

കൊച്ചി: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പത്തനംതിട്ട സബ്‌കോടതിയിൽ ഹർജി സമർപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയും ടി.വി. പ്രശാന്തനും എതിർകക്ഷികളാണ്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ഹർജി. പത്തനംതിട്ട സബ്‌കോടതി ഹർജി സ്വീകരിച്ച് ദിവ്യയ്ക്കും പ്രശാന്തനും സമൻസ് അയച്ചിട്ടുണ്ട്. നവംബർ 11-ന് നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ ഹാജരാകാൻ കോടതി നിർദേശിച്ചു

ഇതിനു പിന്നാലെ, അഴിമതിക്കെതിരായ ബോധവൽക്കരണ വാരവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി. “അഴിമതി അവകാശമാക്കാൻ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്,” എന്നായിരുന്നു ദിവ്യയുടെ കുറിപ്പ്. വിജിലൻസിന്റെ അഴിമതിവിരുദ്ധ ബോധവൽക്കരണ വാരത്തിന്റെ (ഒക്ടോബർ 27 – നവംബർ 2) പശ്ചാത്തലത്തിൽ ദിവ്യയുടെ പോസ്റ്റ് കൂടുതൽ വിവാദമായിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണവും അതിനു പിന്നിലെ ആരോപണങ്ങളും കേരളത്തിൽ വലിയ ചർച്ചയായിരിക്കവേയുള്ള ദിവ്യയുടെ കുറിപ്പ് വിവാദത്തിലായിട്ടുണ്ട്.

2024 ഒക്ടോബർ 15-ന് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലേദിവസം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ പി.പി. ദിവ്യ ക്ഷണിക്കപ്പെടാതെ എത്തി അപകീർത്തികരമായി പ്രസംഗിച്ചുവെന്നാണ് ആരോപണം. ടി.വി. പ്രശാന്തൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചിരുന്നെങ്കിലും അത് തെളിയിക്കാൻ തയ്യാറായില്ല. എന്നാൽ, ലാൻഡ് റവന്യൂ കമ്മിഷണറുടെയും വിജിലൻസിന്റെയും റിപ്പോർട്ടുകൾ നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായി ഹർജി ചൂണ്ടിക്കാട്ടുന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചെന്ന് പറയുന്ന പരാതി ആ ഓഫീസിൽ ലഭിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

More Stories from this section

family-dental
witywide