
കണ്ണൂര്‍: കണ്ണൂരില്‍ യാത്ര അയപ്പു സമ്മേളന വേദിയില്‍വെച്ച് അഴിമതി ആരോപണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ പത്തനംതിട്ട കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വീട്ടുവളപ്പിലാണ് സംസ്‌കാരം.
അതേസമയം, സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജിവെക്കുക, അവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ പി സി സി സംഘടന ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.
കൂടാതെ, ദിവ്യയുടെ വീട്ടിലേക്ക് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ മാര്‍ച്ചും നടത്തും. ദിവ്യയുടെ സുരക്ഷയ്ക്കാന്‍ വീട്ട് പരിസരത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നവീന്റെ മരണത്തിനു ശേഷം ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയാറായിട്ടില്ല.
മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും, കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.